തലസ്ഥാനത്ത് വീണ്ടും വന്‍ കഞ്ചാവു വേട്ട; പത്തു കിലോ കഞ്ചാവുമായി തേനി സ്വദേശി അറസ്റ്റില്‍

tvm-kanchavuതിരുവനന്തപുരം: ജില്ലയിലെ ചില്ലറ വ്യാപാരികള്‍ക്കു മൊത്തമായി കഞ്ചാവു വിതരണം ചെയ്യുന്ന തമിഴ്‌നാട് തേനി സ്വദേശി ദുരൈ പാണ്ഡ്യന്‍ (59) സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായി.  ജില്ലയിലെ വിദ്യാലയങ്ങളിലും കോളജുകളിലും കഞ്ചാവു കച്ചവടം നടത്തുന്നവരെ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് ഇയാള്‍ രാജാജി നഗര്‍ ഫയര്‍ സ്റ്റേഷനു സമീപത്തു നിന്നും പിടിയിലാകുന്നത്.

അടുത്ത കാലത്ത് പോലീസ് പിടികൂടിയ ദമ്പതിമാര്‍ അടക്കമുള്ള ചില്ലറ വില്പനക്കാരില്‍ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൊത്ത വിതരണ ശൃംഖലയെക്കുറിച്ച് അന്വേഷണം ശക്തമാക്കിയത്.  ആന്ധ്രയില്‍ നിന്നും കുറഞ്ഞ വിലയ്ക്കു കഞ്ചാവു വാങ്ങുന്ന ഇയാള്‍ കിലോയ്ക്ക് പതിനാറായിരം രൂപയ്ക്കാണ് ഇവിടുത്തെ കച്ചവടക്കാര്‍ക്ക് വില്‍ക്കുന്നതെന്ന് പോലീസിനോടു പറഞ്ഞു. ഇവിടുത്തെ ചില്ല വില്പനക്കാര്‍ 200, 500 രൂപ വിലവരുന്ന പൊതികളാക്കി വില്പന ചെയ്ത് കിലോയ്ക്ക് 80000 രൂപയ്ക്കു മേല്‍ വില്പന നടത്തുകയാണ് പതിവ്.

തലസ്ഥാനത്തേക്ക് കഞ്ചാവ് എത്തിക്കുന്ന മൊത്ത വിതരണസംഘം കുറച്ചു നാളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വരും ദിവസങ്ങളില്‍ കഞ്ചാവ് മയക്കു മരുന്നു സംഘങ്ങളെ പിടികൂടുന്നതിനായി ഇത്തരത്തില്‍ ശക്തമായ അന്വേഷണം തുടരുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു.കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ വി. സുരേഷ് കുമാര്‍, കന്റോണ്‍മെന്റ് എസ്‌ഐ ബി.എം. ഷാഫി, എസ്‌ഐ രാധാകൃഷ്ണന്‍, സിപിഒ വിനോദ്, ഷാഡോ പോലീസുകാരായ എഎസ്‌ഐ ഗോപകുമാര്‍, യശോധരന്‍, അരുണ്‍, രഞ്ചിത്ത്, ജയകൃഷ്ണന്‍, അതുന്‍ തുടങ്ങിയവര്‍ അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വം നല്‍കി.

Related posts