തളികകല്ല് കോളനി റോഡില്‍ ടൈല്‍സ് വിരിക്കല്‍ തുടങ്ങി

pkd-tilesമംഗലംഡാം: കടപ്പാറയില്‍നിന്നും വനത്തിനുള്ളിലെ തളികകല്ല് ആദിവാസി കോളനിയിലേക്കുള്ള റോഡില്‍ ടൈല്‍സ് വിരിക്കല്‍ തുടങ്ങി. മൂര്‍ത്തിക്കുന്ന് ഭാഗത്താണ് ടൈല്‍സ് വിരിക്കല്‍ നടക്കുന്നത്. ഇവിടെ നൂറുമീറ്ററിലധികം ടൈല്‍സ് വിരിച്ചു കഴിഞ്ഞു. റോഡിന്റെ രണ്ടുസൈഡും കെട്ടിമെറ്റല്‍ നിരത്തിയാണ് കനംകൂടിയ ടൈല്‍സ് നിരത്തി റോഡാക്കുന്നത്. വനത്തിലൂടെയുള്ള റോഡായതിനാല്‍ ടാറിംഗ് പാടില്ലെന്ന വനംവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ടൈല്‍സ് പാകി ഉറപ്പേറിയ രീതിയില്‍ റോഡുനിര്‍മാണം പുരോഗമിക്കുന്നത്.

റോഡില്‍ കയറ്റമുള്ള സ്ഥലത്ത് കോണ്‍ക്രീറ്റ് ചെയ്തും മറ്റിടങ്ങളില്‍ എട്ടുസെന്റിമീറ്റര്‍ കനമുള്ള ടൈല്‍സുമാണ് വിരിക്കല്‍. നാലുകിലോമീറ്ററോളം വരുന്ന റോഡില്‍ 900 മീറ്ററിലാണ് കോണ്‍ക്രീറ്റിംഗ് പണികള്‍ നടക്കുന്നത്. നാലുമീറ്ററിലാണ് റോഡുനിര്‍മാണം. പോത്തംതോടിനു കുറുകേയുള്ളപാലത്തിന്റെ പണി ഇനി ആരംഭിക്കണം. പോത്തംതോട്ടില്‍നിന്നും കോളനിയിലേക്കുള്ള 1800 മീറ്റര്‍ ദൂരവും റോഡുപണി നടക്കണം.

12 മീറ്റര്‍ നീളത്തിലാണ് തോടിനു കുറുകേയുള്ള പാലം. നബാര്‍ഡിന്റെ 2.20 കോടി രൂപാചെലവില്‍ കിറ്റ്‌കോയാണ് കരാറുകാരനെ വച്ച് പണി നടത്തുന്നത്. അതേസമയം അനുവദിച്ച ഫണ്ട് യഥാസമയം  കൈമാറാതെ കരാറുകാരനെ ദ്രോഹിക്കുന്ന നടപടികളാണ് അധികൃതരില്‍നിന്നും ഉണ്ടാകുന്നതെന്ന ആക്ഷേപവുമുണ്ട്.

Related posts