തളികല്ലുകാര്‍ക്ക് ഈ മഴക്കാലവും പോത്തംതോട് നീന്തിക്കടക്കണം

PKD-PALAMമംഗലംഡാം: കടപ്പാറയ്ക്കടുത്ത് വനത്തിനകത്തുള്ള തളികല്ലിലെ ആദിവാസികള്‍ക്ക് ഈ മഴക്കാലവും പോത്തംതോട് നീന്തിക്കടക്കണം. വനത്തില്‍ കനത്ത മഴ പെയ്താല്‍ പോത്തംതോട്ടിലും ജലനിരപ്പ് പെട്ടെന്ന് ഉയരും. പിന്നെ തോട് കടക്കണമെങ്കില്‍ പ്രാണന്‍ അടക്കിപിടിച്ചുവേണം. പിഞ്ചുകുട്ടികളുമായി തോടുകടക്കേണ്ടിവരുന്ന സ്ത്രീകളുടെ സ്ഥിതിയാണ് ഏറെ ഭയാനകം. ഇന്നലെ കടപ്പാറയില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ പനിയും മറ്റുരോഗങ്ങളുമുള്ള കുട്ടികളെ ഈ തോട്ടിലൂടെ കടത്തിയാണ് കൊണ്ടുവന്നത്.

തോടു കടക്കുന്നതിനിടെ മലവെള്ളപ്പാച്ചിലുണ്ടായാല്‍ വന്‍ദുരന്തം ഇവിടെ സംഭവിക്കും. കടപ്പാറയില്‍നിന്നും നാലുകിലോമീറ്ററോളം വരുന്ന തളികകല്ല് ആദിവാസികോളനിയിലേക്ക് റോഡുനിര്‍മാണം നടക്കുന്നുണ്ടെങ്കിലും പോത്തംതോട്ടിലെ  പാലം നിര്‍മാണപ്രവൃത്തികള്‍ ആയിട്ടില്ല. ഇതിനാല്‍ ഈ മഴക്കാലവും തോടുകടക്കല്‍ ഭീതിതരമാകും. ആള്‍താമസമില്ലാത്ത വനമേഖലയാണിത്. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ തന്നെ അത് പുറംലോകം അറിയാനും ഏറെ സമയമെടുക്കും.

താത്കാലികമായി തോടിനു കുറുകേ ഉറപ്പേറിയ കമ്പികെട്ടിയാല്‍ അതില്‍ പിടിച്ചെങ്കിലും മറുകരയ്ക്ക് എത്താമെന്നാണ് ആദിവാസി സ്ത്രീകള്‍ പറയുന്നത്. റോഡില്ലാത്തതിനാല്‍ കോളനിയിലേക്ക് വാഹനം എത്താനും വഴിയില്ല. കോളനിയില്‍നിന്നും കാട്ടുവഴികളിലൂടെ നടന്നു കടപ്പാറയിലെത്തിവേണം ഏതാവശ്യത്തിനും പോകാന്‍.

Related posts