തളിപ്പറമ്പ്: നാലുവരിപ്പാതയില്‍ റോഡ് താഴല്‍ വ്യാപകമായി. കഴിഞ്ഞ ഫെബ്രുവരി 19ന് വാഹനഗതാഗതത്തിന് തുറന്നുകൊടുത്ത റോഡ് മഴപെയ്ത് രണ്ടാഴ്ചകള്‍ കൊണ്ടുതന്നെ താഴ്ന്നുതുടങ്ങി. പുതുതായി വീതികൂട്ടിയ ഭാഗത്ത് പല സ്ഥലങ്ങളിലും വാഹനങ്ങള്‍ കടന്നുപോകുന്ന സ്ഥലത്ത് റോഡില്‍ നീളത്തില്‍ താഴ്ചവന്ന് വെള്ളം കെട്ടിക്കിടക്കുകയാണ്. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് കൊട്ടിഘോഷിച്ച നാലുവരിപ്പാതയില്‍ ഇത്ര പെട്ടെന്ന് കുഴികള്‍ രൂപപ്പെടാന്‍ കാരണമായതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഉദ്ഘാടനം കഴിഞ്ഞതുമുതല്‍ തന്നെ നിര്‍മാണത്തിലെ ക്രമക്കേടുകളെക്കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. നാട്ടുകാര്‍ വിജിലന്‍സിന് സമര്‍പ്പിച്ച പരാതി അന്വേഷണത്തിലാണ് അതിനിടയിലാണ് ആരോപണങ്ങള്‍ ശരിവയ്ക്കുന്ന വിധത്തില്‍ റോഡില്‍ താഴ്ചകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. വരുംദിവസങ്ങളില്‍ ഇത് കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത. നാലുകോടി രൂപ ചെലവഴിച്ച് നിര്‍മിച്ച മെക്കാഡം റോഡ് രണ്ടാഴ്ചത്തെ മഴയെപോലും അതീജീവിക്കാന്‍ സാധിക്കാത്തതാണെന്നത് നാട്ടുകാരില്‍ ആശങ്കകള്‍ക്കു കാരണമായിട്ടുണ്ട്.