തളിപ്പറമ്പ്: നാലുവരിപ്പാത ഡിവൈഡറില്‍ മാലിന്യം തള്ളുന്നത് വ്യാപകമായി. തളിപ്പറമ്പില്‍ നാലു മാസം മുമ്പ് തുറന്നുകൊടുത്ത നാലുവരിപ്പാതയിലെ ഡിവൈഡറിനുള്ളിലാണ് വിവിധ മാലിന്യങ്ങള്‍ തള്ളിക്കൊണ്ടിരിക്കുന്നത്. റോട്ടറി ജംഗ്ഷന്‍ മുതല്‍ ചിറവക്ക് വരെയുള്ള ദേശീയപാതയില്‍ റോഡിന് നടുവിലുള്ള ഡിവൈഡറില്‍ മണ്ണിട്ട് നിറച്ച് ചെടികള്‍ നടുകയും പുല്ലുപിടിപ്പിച്ച് മനോഹരമാക്കുമെന്നും നേരത്തെ പറഞ്ഞിരുന്നെങ്കിലും ഡിവൈഡര്‍ പെയിന്റ് അടിക്കുകയും റിഫഌക്ടര്‍ ഘടിപ്പിക്കുന്നതുള്‍പ്പടെ ചെയ്തിട്ടും ഇതേവരെ മണ്ണിട്ടു നിറക്കല്‍ ആരംഭിച്ചിട്ടില്ല. പ്ലാസ്റ്റിക്ക് കുപ്പികളും പോളി ബാഗുകളും മാലിന്യങ്ങളും നിറഞ്ഞ് ഇതിനകത്ത് വെള്ളം കെട്ടിനില്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഡിവൈഡറില്‍ വെള്ളം വാര്‍ന്നുപോകാന്‍ ഉണ്ടാക്കിയ ദ്വാരങ്ങള്‍ മാലിന്യനിക്ഷേപം മൂലം അടഞ്ഞുപോയതാണ് വെള്ളം കെട്ടിനില്‍ക്കാന്‍ കാരണമായെന്നു പറയുന്നത്. ദേശീയപാതയ്ക്ക് നടുവില്‍ മാലിന്യങ്ങള്‍ സംഭരിക്കാനുള്ള സ്ഥലമായി ഡിവൈഡര്‍ മാറിയിരിക്കുന്നതായാണ് നാട്ടുകാരുടെ ആക്ഷേപം. നഗരത്തില്‍ കൊതുകുകള്‍ ഉള്‍പ്പെടെ വളര്‍ന്നു പെരുകാനിടയാക്കുന്ന ഡിവൈഡറുകള്‍ക്കുള്ളില്‍ അടിയന്തിരമായി മണ്ണ് നിറച്ച് പുല്ലുപിടിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. മഴക്കാലത്ത് തന്നെ ഇത് ചെയ്തില്ലെങ്കില്‍ ഉദ്ദേശിച്ച ഫലം കിട്ടാനിടയില്ലെന്നാണ് പറയപ്പെടുന്നത്.