എ.ജെ. അലക്‌സ് റോയ്
കോട്ടയം ജില്ലയിലെ പാമ്പാടിയിലും പരിസരപ്രദേശങ്ങളിലും ചുവപ്പു നിറമുള്ള നല്ല ഉശിരന്‍ ഇഞ്ചിയാണ് പുതുതാരം. പാമ്പാടി കണ്ടപ്പള്ളില്‍ വീട്ടില്‍ കെ.സി. ചെറിയാന് രണ്ടുവര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്‍ഡോനേഷ്യയില്‍നിന്നും വന്ന സുഹൃത്താണ് ഇഞ്ചിവിത്തു നല്‍കിയത്. ചെറിയാന്റെ കൃഷിയോടുള്ള താല്പര്യം പരിഗണിച്ച് ഇത്തിരി രഹസ്യമായാണ് സംഗതി എത്തിച്ചതും.
ഇന്‍ഡോനേഷ്യയിലെ ഗോത്രവര്‍ഗ സമൂഹം ശ്വാസകോശ രോഗങ്ങള്‍ക്കെതിരേയും ഉത്തേജക ഔഷധവുമായും ഒക്കെ ഉപയോഗിക്കുന്ന ഈ ചുവപ്പന്‍ ഇഞ്ചി കേരളത്തിന്റെ സാഹചര്യത്തിലും മികച്ച വിളവ് നല്‍കിവരുന്നുണ്ട്.
കൂടുതല്‍ ചിനപ്പുകള്‍, ചുവടുചീയല്‍, പുഴുക്കുത്ത് തുടങ്ങിയവയ്‌ക്കെതിരേ മികച്ച പ്രതിരോധശേഷി, ആകര്‍ഷമായ ചുവന്ന നിറം, സാധാരണ ഇഞ്ചിയേക്കാള്‍ കൂടുതല്‍ കാഠിന്യം, ഔഷധഗുണം എന്നിവയൊക്കെയാണ് ഈ ചുവപ്പന്‍ ഇഞ്ചിയുടെ സവിശേഷതകള്‍.
ചെറിയാന്‍ ചേട്ടന് ചുവപ്പന്‍ ഇഞ്ചിയും വെറും ഇഞ്ചിയായിരുന്നു. പാമ്പാടി കൃഷി അസിസ്റ്റന്റ് ഡയറക്ടറും പ്രാദേശിക കാര്‍ഷിക വിപണികളുടെ സംസ്ഥാന തല സമിതിയായ ഹരിതമൈത്രിയുടെ കോര്‍ഡിനേറ്ററുമായ കോരതോമസാണ് ഈ ഉശിരന്റെ തലവര മാറ്റിവരച്ചത്.
സ്വന്തം കൃഷിയിടത്തില്‍ സാധാരണ ഇഞ്ചിയും ചുവപ്പന്‍ ഇഞ്ചിയും സമ്മിശ്രമായി കൃഷിചെയ്തതില്‍ ചുവപ്പന്റെ സവിശേഷതകള്‍ ശ്രദ്ധയില്‍പ്പെട്ട കോരതോമസ് കോട്ടയം ആത്മയുമായി സഹകരിച്ച് ഇതിന്റെ ടിഷ്യുകള്‍ച്ചര്‍ തൈകള്‍ ഉത്പാദിപ്പിച്ചു കര്‍ഷകരില്‍ എത്തിക്കാനുള്ള തയാറെടുപ്പിലാണ്.
ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഹോള്‍ട്ടികള്‍ച്ചര്‍ മിഷന്റെ ലാബ് ഉത്പാദിപ്പിക്കുന്ന ചുവപ്പന്‍ ഇഞ്ചിയുടെ ടിഷ്യു കള്‍ച്ചര്‍ കുഞ്ഞുങ്ങളെ പാമ്പാടിയിലെ വനിതാ കര്‍ഷക ഗ്രൂപ്പിലെ വളര്‍ത്തമ്മമാര്‍ നമ്മുടെ കാലാവസ്ഥയ്ക്കിണങ്ങും വിധം ഹാര്‍ഡന്‍ ചെയ്തു കര്‍ഷകരിലെത്തിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
കോര തോമസ് 9447867820
കെ.സി. ചെറിയാന്‍ 9495605452