
കാട്ടാക്കട : കേരളത്തിലെ ആദ്യത്തെ തുറന്നജയിലില്‍ ഇനി വിളവെടുപ്പിന്റെ ഉല്‍സവമാണ്. വിയര്‍പ്പൊഴുക്കി വിളയിച്ചെടുത്ത വിഭവങ്ങള്‍ വിളവെടുക്കാനും അത് ഇവിടെ തന്നെ ഉപയോഗിക്കാനും ബാക്കി വരുന്നവ മറ്റ് ജയിലുകളിലെ കൂട്ടുകാര്‍ക്ക് എത്തിക്കാനുമുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. കേരളത്തിലെ ആദ്യത്തെ തുറന്നജയിലായ നെട്ടുകാല്‍ത്തേരിയില്‍ കാര്‍ഷിക വിഭവങ്ങള്‍ പാകമായി വരുകയാണ്. പടവലവും പാവലും ചീരയും തുടങ്ങി കാര്‍ഷികവിളകള്‍ ഏക്കറുകളോളം പരന്നു കിടക്കുകയാണ്. ജയില്‍ ഭൂമിയിലെ ഏതാണ്ട് നാല്‍പ്പത് ഏക്കര്‍ ഭൂമിയിലാണ് ക്യഷി ഇറക്കിയിരിക്കുന്നത്. കപ്പയും വാഴക്കുലയും പച്ചക്കറികളും ഉള്‍പ്പടെ മിക്ക ഇനങ്ങളും ഈ ഹരിത ഭൂമിയിലുണ്ട്. നാലായിരത്തോളം വാഴകന്നുകളാണ് ഇക്കുറി നട്ടിരിക്കുന്നത്. ചീര, പടവലം, വെണ്ടയ്ക്ക, കത്തിരിക്ക, മുളക്, തക്കാളി, ഇഞ്ചി, ചേന, ചേമ്പ്, കാച്ചില്‍ നാരങ്ങ, പയര്‍, പീയണിക്ക തുടങ്ങി നിരവധി വിഭവങ്ങളാണ് വിളവെടുക്കുന്നത്. നേന്ത്രപഴം , രസകദളി, മോറിസ്, മൈസൂര്‍കപ്പ തുടങ്ങി അവിയലില്‍ ഇടുന്ന ഇനം വരെ ഇവിടുണ്ട്.
വിളവെടുക്കുന്ന ഇനങ്ങള്‍ തുറന്നജയിലിലും സെന്‍ട്രല്‍ജയിലുമാണ് ഇപയോഗിക്കുക. ജയില്‍ പരിസരത്ത് കുറെ വിഭവങ്ങള്‍ വില്‍ക്കും. തുറന്നജയിലും സെന്‍ട്രല്‍ജയിലിലും പിന്നെ അട്ടകുളങ്ങര വനിതാജയിലിലും ഇവിടുത്തെ പച്ചക്കറികളാണ് പലപ്പോഴും പൊലിമ പകരുന്നത്. ദിവസവുമുള്ള ആഹാരത്തിനും വിശേഷ നാളുകളില്‍ വിഭവസമ്യദ്ധമായ സദ്യയും ഒക്കെ തയ്യാറാക്കുന്നതും ഈ പച്ചക്കറികളാണ്. സംസ്ഥാന ഹോര്‍ട്ടികോര്‍പ്പറേഷന്റെ സഹായത്തോടെയാണ് ഇവിടെ ക്യഷി നടത്തുന്നത്. ആവശ്യത്തിന് വെള്ളവും കാലാവസ്ഥയും പരിചരണവും ഉള്ളതിനാല്‍ നല്ല വിളവാണ് ഉള്ളതെന്ന് അധിക്യതര്‍ പറയുന്നു.
ജയിലില്‍ ക്യഷി വകുപ്പ് ഉദ്യോഗസ്ഥനെയും നിയമിച്ചിട്ടുണ്ട്. അതിനാല്‍ മാര്‍ഗനിര്‍ദ്ദേശങ്ങളും ഇവര്‍ക്ക് സമയത്തിന് കിട്ടും. തികച്ചും ജൈവരീതിയിലാണ് വളം ഉപയോഗിക്കുന്നത്. രാസ വളത്തിനെ അടുപ്പിക്കാറേയില്ല. ജയിലില്‍ സുലഭമായി കിട്ടുന്ന ചാണകവും പശുവിന്റെയും എരുമയുടേയും മൂത്രവും പിന്നെ കമ്പോസ്റ്റും വളമായി ഉപയോഗിക്കുന്നു. ജയിലിലെ മിനി ഡാമില്‍ വരള്‍ച്ച എത്തി നോക്കാറുമില്ല. അതിനാല്‍ വെള്ളം സുലഭം. സൗജന്യമായി നല്‍കുന്ന പൊതിച്ചോറിന് ഉപയോഗിക്കുന്നതും ഇവിടുത്തെ പച്ചക്കറികളാണ്.
അതിനിടെ ജയിലിലെ കോഴികളും ഇറച്ചിയാക്കാനുള്ള സമയമായി. കോഴി വില കുതിച്ച് കയറിയെങ്കിലും ജയിലിനെ അത് ബാധിക്കില്ല. കുറഞ്ഞ വിലയ്ക്ക് കോഴിയും ചപ്പാത്തിയും നല്‍കാന്‍ കഴിയുമെന്നാണ് അവര്‍ പറയുന്നത്. ജയിലിലെ ചെക്ക് ഡാമുകളില്‍ നിക്ഷേപിച്ച മീന്‍കുഞ്ഞുങ്ങള്‍ വളര്‍ച്ചയെത്തിയതിനാല്‍ ഇപ്പോള്‍ തന്നെ പിടിക്കും. അത് ജയില്‍ ആവശ്യത്തിന് ഉപയോഗിക്കും. മീന്‍ വിഭവങ്ങളും തടവുകാര്‍ക്ക് കഴിയ്ക്കാം. മുന്‍പ് നെല്‍ക്യഷി ജയിലില്‍ ഉണ്ടായിരുന്നു. എന്നാല്‍ കുറെകാലമായി അത് നിലച്ചിരിക്കുകയാണ്. വയല്‍പാടങ്ങള്‍ മറ്റ് ക്യഷിയിലേയ്ക്ക് വഴിമാറി. ജയിലില്‍ വളര്‍ത്തിയ മുയലുകളും ആടുകളും തീറ്റയായി എത്തും. ക്യഷി വഴി ജയിലിന് വരുമാനവും ലഭിക്കുന്നുണ്ട്.

