തൃച്ചംബരത്ത് സിപിഎം-ബിജെപി സംഘര്‍ഷം;20 പേര്‍ക്കെതിരേ കേസ്

knr-cpimbjpതളിപ്പറമ്പ്: തൃച്ചംബരം പൂക്കോത്ത്‌നടയില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന ഇരുപതോളംപേര്‍ക്കെതിരേ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇന്നലെ രാത്രി പത്തരയോടെയാണ് ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവത്തിന്റെ  ഭാഗമായുള്ള കലാപരിപാടികള്‍ നടക്കുന്നതിനിടെ ഇരുവിഭാഗവും ഏറ്റുമുട്ടുകയായിരുന്നു.   സംഘര്‍ഷത്തില്‍ മൂന്നു സിപിഎം പ്രവര്‍ത്തകര്‍ക്കും നാല് ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സിപിഎം പ്രവര്‍ത്തകരായ മാന്ധംകുണ്ട് കെ. അജിത്കുമാര്‍ (4), പുളിമ്പറമ്പ് രാഗേഷ് (25), പന്നിയൂര്‍ പ്രസാദ് (27) എന്നിവരെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരായ തൃച്ചംബരം സ്വദേശികളായ വിപിന്‍, ഷൈജു, സന്തോഷ്, ശ്രീകാന്ത് എന്നിവരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം ഇവിടെ സംഘര്‍ഷത്തില്‍ സിപിഎം പ്രവര്‍ത്തകനായ സിറാജിനു പരിക്കേറ്റിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും സംഘര്‍ഷം നടന്നതെന്നു കരുതുന്നു. ജനക്കൂട്ടത്തിലേക്ക്  ബിജെപി പ്രവര്‍ത്തകര്‍, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സ്റ്റീല്‍ബോംബ് എറിഞ്ഞതായി സിപിഎം നേതാക്കള്‍ ആരോപിച്ചു.  എന്നാല്‍ ഇത് സ്റ്റീല്‍ പാത്രം മാത്രമായിരുന്നുവെന്നാണ് പോലീസ് വിശദീകരണം. വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായാണ് ആക്രമികള്‍ എത്തിയതെന്നും ആരോപണമുണ്ട്. പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറും നടന്നു. വിവരമറിഞ്ഞ് കണ്ണൂര്‍ ഡിവൈഎസ്പി സുബൈര്‍, തളിപ്പറമ്പ് സിഐ കെ. വിനോദ് കുമാര്‍, എസ്‌ഐ രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തിയാണ് അക്രമികളെ വിരട്ടിയോടിച്ചത്.

ഇതിനുശേഷം പൂക്കോത്ത് നടയിലെ എല്‍ഐസി ഓഫീസിനു പിന്നില്‍ പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് സിപിഎം പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു പ്രവര്‍ത്തകര്‍ പോലീസ് വാഹനം തടയാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.   എന്നാല്‍ നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. സ്ഥലത്ത് പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.

Related posts