തെരഞ്ഞെടുപ്പിനെ നേരിടുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയെന്ന് മുഖ്യമന്ത്രി

alp-ummanആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത് തികഞ്ഞ ആത്മവിശ്വാസത്തോ ടെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷത്തിനാകട്ടെ യുഡിഎഫിനെ നേരിടാന്‍ ആത്മവിശ്വാസമില്ലെന്നും അതിനാലാണ് ചെറുസംഘങ്ങളെ അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫിന്റെ ആലപ്പുഴ ജില്ലാ കണ്‍വെന്‍ഷന്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

യുഡിഎഫ് സര്‍ക്കാര്‍ നല്കിയ ഗുണാനുഭവങ്ങള്‍ ജനങ്ങളുടെ മുന്നിലുണ്ട്. മദ്യലഭ്യത കുറച്ച സര്‍ക്കാരിനെ വീട്ടമ്മമാര്‍ മറക്കില്ല. ആ വീട്ടമ്മമാരെ പരിഹസിച്ചാണ് മദ്യക്കച്ചവടക്കാരുമായി കോടിയേരി ബാലകൃഷ്ണന്‍ ചര്‍ച്ച നടത്തിയത്. യുഡിഎഫില്‍ കക്ഷികള്‍ ഒറ്റക്കെട്ടായി നിന്നാല്‍ ഭരണത്തുടര്‍ച്ച സംഭവ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴയില്‍ ഒമ്പതില്‍ ഒമ്പതും നേടാന്‍ പ്രതിജ്ഞയെടുക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മുഖ്യപ്രഭാഷണം. യുഡിഎഫ് വിട്ടവര്‍ നാളെ പശ്ചാത്തപിക്കേണ്ടി വരും. രാഷ്ട്രീയമര്യാദയും വികസനനയവും പിന്തുടരുന്ന യുഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകുക തന്നെ ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങളെ വിഭജിച്ച് മുന്നോട്ടു പോകുന്ന ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ പോകുന്നില്ല. കൊലപാതകികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. സിപിഎം, ബിജെപി, ആര്‍എസ്എസ് പാര്‍ട്ടികള്‍ വിചാരിച്ചാല്‍ മാത്രമേ അക്രമം ഇല്ലാതാകൂ. സിബിഐ ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോഴെല്ലാം ജയരാജന് നെഞ്ചുവേദനയാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ക്കായി യുഡിഎഫ് നിലകൊള്ളുമ്പോള്‍ ബാറുകാര്‍ക്കായാണ് എല്‍ഡിഎഫ് നിലകൊള്ളുന്നതെന്ന് മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ്-എം ചെയര്‍മാനുമായ കെ.എം. മാണി പറഞ്ഞു. അതുകൊണ്ട് ജനങ്ങളുടെ നന്മയ്ക്ക് ഭരണത്തുടര്‍ച്ചയാണ് ആവശ്യം. തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനു രക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം. മുരളി അധ്യക്ഷനായി. യുഡിഎഫ് സംസ്ഥാന കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, കേരള കോണ്‍ഗ്രസ്-ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍, ആര്‍എസ്പി സെക്രട്ടറി എ.എ. അസീസ് എംഎല്‍എ, ജെഡിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ഷേഖ് പി. ഹാരിസ്, ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍, പി.സി. വിഷ്ണുനാഥ് എംഎല്‍എ, കെപിസിസി ഭാരവാഹികളായ ജോണ്‍സണ്‍ ഏബ്രഹാം, ബാബുപ്രസാദ്, അബ്ദുള്‍ ഗഫൂര്‍ഹാജി, നേതാക്കളായ എം.ലിജു, ഷാനിമോള്‍ ഉസ്മാന്‍, നാരായണന്‍കുട്ടി, അഡ്വ. ഡി. സുഗതന്‍, എ.കെ. രാജന്‍, ലീഗ് സെക്രട്ടറി എ.എം. നസീര്‍, പ്രസിഡന്റ് ഹാജി ഇസ്മയില്‍ കുഞ്ഞ്, കേരള കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റ് ജേക്കബ് തോമസ് അരികുപുറം, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts