ദുരന്തഭൂമിയില്‍ സാന്ത്വനവുമായി മമ്മൂട്ടി! പുറ്റിംഗല്‍ വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും സാന്ത്വനവുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി

MAMMOOTTYകൊല്ലം: പുറ്റിംഗല്‍ വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും സാന്ത്വനവുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി പരവൂരിലെ ദുരന്തഭൂമിയിലെത്തി. കൊച്ചുകുട്ടികളടക്കം നൂറിലധികം പേരെ അടുത്തു വിളിച്ച് ആശ്വസിപ്പിക്കുന്നതിനിടയില്‍ അദ്ദേഹം പല തവണ വികാരാധീനനായി. പുറ്റിംഗല്‍ നഗര്‍ റസിഡന്റ്‌സ് അസോസിയേഷനും മമ്മൂട്ടി ഫാന്‍സ് അസോസിയേഷനും പതഞ്ജലി ഹെര്‍ബല്‍ എക്‌സ്ട്രാക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് സംയുക്തമായി കോട്ടപ്പുറം എല്‍പിഎസില്‍ സംഘടിപ്പിച്ച സ്‌നേഹസംഗമം പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തു.

അച്ഛനും അമ്മയും നഷ്ടപ്പെട്ട കൃഷ്ണയെയും കിഷോറിനെയും മമ്മൂട്ടി നെഞ്ചോട് ചേര്‍ത്തുവച്ച് സമാശ്വസിപ്പിച്ചത് കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. അപകടത്തില്‍ മരിച്ച മറ്റുള്ളവരുടെ ബന്ധുക്കളെയും കൊച്ചുകുട്ടികള്‍ അടക്കമുള്ളവരെയും വേദിയില്‍ നേരില്‍ക്കണ്ട് അദ്ദേഹം സ്‌നേഹവാക്കുകളാല്‍ സമാശ്വസിപ്പിച്ചു.
യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ കെ.പി. കുറുപ്പ് അധ്യക്ഷനായിരുന്നു. ജി.എസ്. ജയലാല്‍ എംഎല്‍എ, നടന്‍ ശ്രീരാമന്‍, കാഞ്ഞാവെളി വിജയകുമാര്‍, പുറ്റിംഗല്‍ നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍.പ്രദീപന്‍, സെക്രട്ടറി എസ്.ആര്‍.സുജിരാജ്, ജ്യോതിഷ്കുമാര്‍, ബി. പ്രേമാനന്ദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

അരമണിക്കൂറോളം ഇവിടെ ചെലവഴിച്ച ശേഷം അപകടം നടന്ന പുറ്റിംഗല്‍ ക്ഷേത്രമൈതാനത്തെ കമ്പത്തറയും കമ്പപ്പുരയും സന്ദര്‍ശിച്ചാണ് മമ്മൂട്ടി മടങ്ങിയത്. ദുരന്തഭൂമിയില്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍ എത്തി. രണ്ടുദിവസത്തിനകം ഇത് പൂര്‍ത്തിയാകും. വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ അവകാശികള്‍ക്ക് എല്‍ഐസി അധികൃതര്‍ ക്ലയിം തുക കൈമാറി.

Related posts