ദേശീയപാത അധികൃതര്‍ പ്രശ്‌നസ്ഥലം സന്ദര്‍ശിച്ചു

PKD-ROADവടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരി പാതയില്‍ പന്നിയങ്കര മുതല്‍ വാണിയമ്പാറ വരെയുള്ള നാലുകിലോമീറ്റര്‍ ഭാഗത്ത്  സര്‍വീസ് റോഡും ഡ്രെയിനേജും വേണമെന്ന് സ്ഥലം സന്ദര്‍ശിച്ച നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ പ്രതിനിധിക്കും ബോധ്യമായി. ഇതിന്റെ ആവശ്യകത സംബന്ധിച്ച് അഥോറിറ്റിക്ക് ഉടനേ റിപ്പോര്‍ട്ട് നല്കുമെന്നും എന്‍എച്ച്എഐയുടെ അസിസ്റ്റന്റ് പ്രോജക്ട് ഡയറക്ടര്‍ സുന്ദരേശന്‍ പറഞ്ഞു.

ഇന്നലെ രാവിലെയും വൈകുന്നേരവുമായാണ് പ്രതിനിധിസംഘം പ്രശ്‌നപ്രദേശത്ത്് പരിശോധന നടത്തിയത്. ആറുവരിപ്പാത നിര്‍മാണം കരാര്‍ എടുത്തിട്ടുള്ള കെഎംസി കമ്പനിയുടെ പ്രോജക്ട് മാനേജര്‍ സതീശ് ചന്ദ്രറെഡി, നാട്ടുകാരുടെ പ്രതിനിധികളായി റിട്ടയേഡ് എച്ച്എം പി.ജെ.ജോസ്, വാര്‍ഡ് മെംബര്‍ എ.ജോസ്, വി.ഗംഗാധരന്‍, രാജു, ശെല്‍വകുമാര്‍, ജോര്‍ജ് തുടങ്ങിയവരും സംഘത്തിനൊപ്പമുണ്ടായിരുന്നു.

ഉള്‍പ്രദേശങ്ങളില്‍ നിന്നും നിരവധി റോഡുകള്‍ വന്നുചേരുന്ന നാലുകിലോമീറ്റര്‍ ഭാഗത്ത് സര്‍വീസ് റോഡ് വേണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കരാര്‍ കമ്പനിയുടെ ചുവട്ടുപാടം ഓഫീസ് ഉപരോധിക്കുകയും  ഇതേ തുടര്‍ന്ന് ഈയാവശ്യം ഉന്നയിച്ച് നൂറുകണക്കിന് ജനങ്ങള്‍ ഒപ്പിട്ട ഭീമഹര്‍ജി കരാര്‍ കമ്പനി പ്രോജക്ട് മാനേജര്‍ സതീശ് ചന്ദ്രറെഡിക്കും നല്കുകയുമായിരുന്നു.ഇതേ തുടര്‍ന്നാണ് നാഷണല്‍ ഹൈവേ അഥോറിറ്റിയുടെ അസിസ്റ്റന്റ് പ്രോജക്ട് ഡയറക്ടര്‍ ഇന്നലെ അടിയന്തിര പ്രധാന്യത്തോടെ സ്ഥലം പരിശോധിക്കാനെത്തിയത്. സര്‍വീസ് റോഡും ഡ്രെയിനേജും വേണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് ബോധ്യപ്പെട്ടിട്ടും ഇനിയും അത് നിര്‍മിക്കാന്‍ നടപടി വൈകിയാല്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

Related posts