ആലുവ: പെരുമ്പാവൂര്‍ ജിഷവധക്കേസിന്റെ അന്വേഷണത്തിലുണ്ടായ അവ്യക്തത പ്രതിയെ പിടികൂടിയ ശേഷം നടത്തുന്ന തുടരന്വേഷണ ത്തിലും. പ്രോസിക്യൂഷന്‍ ഭാഗത്തെ പ്രധാന തെളിവായ കൊലയ്ക്ക് ഉപയോഗിച്ച കത്തിയും സംഭവം നടക്കുമ്പോള്‍ പ്രതിധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ ഇന്നലെ കോടതിയെ ബോധിപ്പിച്ചിരുന്നു. പോലീസ് കസ്റ്റഡിയിലുള്ള പ്രതി അമീറുള്‍ ഇസ്ലാം മൊഴി മാറ്റി പോലീസിനെ സമ്മര്‍ദത്തിലാക്കുകയാണ്. ആസാമി ഭാഷ മാത്രമെ അറിയു എന്ന വാദമാണ് ഇന്നലെ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതി ഹിന്ദിയില്‍ മറുപടി നല്‍കിയതോടെ പൊളിഞ്ഞത്.
കസ്റ്റഡിയിലായത് മുതല്‍ പ്രതി പോലീസിനെ ആശയക്കുഴപ്പത്തിലാക്കുന്ന തരത്തിലുള്ള മൊഴികളാണ് നല്‍കിയിരുന്നത്. ആസാമി ഭാഷ മാത്രമെ അറിയു എന്നതിന്റെ അടിസ്ഥാനത്തിലാണ് സഹായത്തിനായി ലിപ്ടന്‍ എന്നയാളെ ദ്വിഭാഷിയായി അന്വേഷണസംഘം കൂടെ കൂട്ടിയത്. എന്നാല്‍, ചോദ്യം ചെയ്യലിലെ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവച്ചത് പോലീസിനെ ചൊടിപ്പിക്കുകയും ഇയാള്‍ക്ക് പകരം ആളെ കണ്ടെത്തുകയുമായിരുന്നു. ആലുവ പോലീസ് ക്ലബില്‍ എത്തിയ ഡിജിപി ലോക്‌നാഥ് ബഹ്‌റ പ്രതിയോട് അസാമി ഭാഷയില്‍ തന്നെ ചോദ്യം ചെയ്തിരുന്നു. ഹിന്ദി നന്നായി അറിയാവുന്ന പ്രതി ഇത് മറച്ചുവച്ച് പോലീസിനെ കബളിപ്പി ക്കുകയായിരുന്നുവെന്നാണ് ഇന്നലെ പെരുമ്പാവൂര്‍ കോടതിയില്‍ തെളിഞ്ഞത്.
എന്നാല്‍, കൊല്ലപ്പെട്ട ജിഷയ്ക്ക് ഹിന്ദി ഭാഷവശമുണ്ടായിരുന്നുന്നെന്നും പ്രതിയുമായി സൗഹൃദമുണ്ടായിരുന്നെങ്കില്‍ ഹിന്ദിയിലായിരിക്കും ആശയ വിനിമയം നടത്തിയിരുന്നതെന്ന നിഗമനത്തിലാണ് പോലീസ്. ഈ സൗഹൃദത്തെ പ്രതി അമിറുള്‍ ലൈംഗീകമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചത് കൊലപാതകത്തില്‍ കലാശിച്ചതാണെ ന്നാണ് പോലീസിന്റെ വിലയിരുത്തല്‍. പ്രതിയുടെ ലൈംഗീക വൈകൃതത്തിന് കൂടുതല്‍ തെളിവായി ഒരു കേസുകൂടി ഇന്നലെ രജിസ്റ്റര്‍ ചെയ്ത് പ്രോസിക്യൂഷന് കൂടുതല്‍ ബലം നല്‍കും. ജിഷയുടെ വീടിന് സമീപത്തെ ആടിനെ ലൈംഗീകമായി പീഡനത്തിനിരയാക്കിയതുമായി ബന്ധപ്പെട്ടാണ് പുതിയ കേസ്.
വിശദമായ സത്യവാങ് മൂലത്തിന്റെ അടിസ്ഥാനത്തിലാണ് പത്തു ദിവസത്തേയ്ക്ക് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടു ത്തുകൊണ്ട് മജിസ്‌ട്രേറ്റ് വി. മഞ്ജു ഉത്തരവിട്ടത്. ഈ മാസം 30ന് പ്രതിയെ തിരികെ കോടതിയില്‍ ഹാജരാക്കേണ്ടതുകൊണ്ട് ഈ കാലയളവില്‍ പരമാവധി തെളിവെടുപ്പ് നടത്തനാണ് പോലീസ് തീരുമാനം. പ്രതിയെ ഇന്നുരാവിലെ ആലുവയിലെ പോലീസ് ക്ലബില്‍വച്ചു ചോദ്യം ചെയ്തു. ഇയാളെ ഉടനെ വട്ടോളിപ്പടിയിലെ ജിഷ കൊല്ലപ്പെട്ട വീട്ടിലും വൈദ്യശാലപ്പടിയിലെ താമസസ്ഥലത്തും എത്തിച്ച് തെളിവെടുക്കും. തുടര്‍ന്ന് ആസമിലെത്തിച്ചും തെളിവെടുപ്പ് നടത്തുന്നതോടെ അന്വേഷണത്തിന്റെ പ്രധാന നടപടികള്‍ പൂര്‍ത്തിയാക്കും.
പോലീസിന്റെ പ്രത്യേക അപേക്ഷ പരിഗണിച്ച് കസ്റ്റഡികാലയളവില്‍ തെളിവെടുപ്പ് നടത്തുമ്പോള്‍ പ്രതിയുടെ മുഖം മറക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഇതിനിടയില്‍ പ്രതിയുടെ ചിത്രം പുറത്തുവിടുന്നത് നിയമപ്രകാരം കുറ്റകരമാകുകയും ചെയ്യും.
അതേസമയം, ജിഷയുടെ കൊലപാതകത്തെ കുറിച്ചും, കൊലയാളിയെക്കുറിച്ചും അമ്മ രാജേശ്വരിക്കും സഹോദരി ദീപയ്ക്കും അറിവുണ്ടായിരു ന്നിട്ടും മറച്ചു വയക്കുകയായിരുന്നുവെന്ന ആരോപണം കൂടുതല്‍ ബലപ്പെടുകയാണ്. ജിഷയുടെ അമ്മയുടെ ബൈക്ക് അപകടത്തെ തുടര്‍ന്ന് അന്യസംസ്ഥാനക്കാരുമായി തര്‍ക്കമുണ്ടായിരുന്നത് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നതാണ്. എന്നാല്‍, ചോദ്യം ചെയ്യല്‍ വേളകളിലൊ ന്നും ഈ കേസിനെക്കുറിച്ച് ഇരുവരും വ്യക്തമായ വിവരങ്ങള്‍ അന്വേഷണസംഘത്തിന് കൈമാറിയിരുന്നില്ല.
അന്ന് ബൈക്ക് ഇടിപ്പിച്ച അനാര്‍ എന്ന അന്യസംസ്ഥാനക്കാരനും പ്രതി അമിറുളിന്റെ കൂട്ടുകാര്‍ അനാറും ഒരാള്‍ തന്നെയാണോയെന്ന അന്വേഷണത്തിലാണ് ഇപ്പോള്‍ പോലീസ്. അമ്മയും സഹോദരിക്കുമെതിരെയുള്ള ഇത്തരം ആരോപണങ്ങള്‍ തെളിഞ്ഞാല്‍ നിലവില്‍ സര്‍ക്കാരില്‍ നിന്നും മറ്റു സംഘടനകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക സഹായമടക്കമുള്ള വിഷയങ്ങളില്‍ പുനര്‍ചിന്തയുണ്ടാകുമെന്നാണ് സൂചന. ജില്ലാ കളക്ടറുടെയും അമ്മ രാജേശ്വരിയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടില്‍ ഇതുവരെ 38 ലക്ഷം രൂപയോളം സമാഹരിച്ചിട്ടുണ്ട്. പുതിയ വീടിന്റെ നിര്‍മാണം അവസാന ഘട്ടിലേക്ക് അടുക്കുകയാണ്.
ദൃക്‌സാക്ഷികളില്ലാത്ത കേസായതിനാല്‍ കൊലയ്ക്ക് ഉപയോഗിച്ച ആയുധം പ്രധാന തെളിവാണ്. ഇത് കണ്ടെത്തണമെങ്കില്‍ പ്രതി കാണിച്ചുകൊടുക്കേണ്ടതായിട്ടുണ്ട്. കൊലകത്തിയും രക്തം പുരണ്ട വസ്ത്രങ്ങളും പ്രതിയുടെ രണ്ടാമത്തെ ഭാര്യയുടെ ആദ്യത്തെ വിവാഹത്തിലുണ്ടായ 19 കാരന്‍ വൈദ്യശാലപ്പടിയിലെ താമസസ്ഥലത്ത് നിന്നും കടത്തിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.