ആലപ്പുഴ: സാംസ്കാരിക -കലാ പ്രകടനങ്ങള്‍ക്ക് വേദിയൊരുക്കുന്നതിനായി നഗരസഭ നിര്‍മിച്ച നഗരചത്വരം കാടുകയറി നശിക്കുന്നു. ഫുഡ്‌കോര്‍ട്ട്, മിനി ഓഡിറ്റോറിയം, ഓപ്പണ്‍ എയര്‍ സ്റ്റേജ്, കുട്ടികള്‍ക്കുള്ള കളി സ്ഥലം, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം എന്നിവയടങ്ങുന്ന നഗരചത്വരത്തിലെ മിനി ഓഡിറ്റോറിയവും താഴത്തെ നിലയിലെ ആര്‍ട്ട് ഗാലറിയിലും മാത്രമാണ് നിലവില്‍ ആളുകളെത്തുന്നത്.
വൈകുന്നേരങ്ങളില്‍ ധാരളം ആളുകളെത്തിയിരുന്ന ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന്റെ മുന്നിലെ പടവുകള്‍ നിലവില്‍ കാടുമൂടിയ അവസ്ഥയിലാണ്. ഇവയ്ക്കിടയില്‍ ഇഴജന്തുക്കളുണ്ടോയെന്ന ഭയം മൂലം വൈകുന്നേരങ്ങളില്‍ അല്പസമയം ഇവിടേക്ക് വിശ്രമിക്കാനെത്തുന്നവര്‍ പോലും പിന്‍തിരിയുകയാണ്. കുട്ടികള്‍ക്കുള്ള കളി സ്ഥലം ഇവിടെയുണ്ടെന്നത് പറഞ്ഞാല്‍ മാത്രമേ അറിയാന്‍ കഴിയൂ എന്നതാണ് അവസ്ഥ. പല കളിയുപകരണങ്ങളിലും കുട്ടികളെത്തിയിട്ട് നാളുകള്‍ കഴിഞ്ഞു.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചത്വരത്തില്‍ പ്രവേശിക്കുന്നതിന് അധികൃതര്‍ സമയപരിധിയേര്‍പ്പെടുത്തിയതോടെയാണ് ജനങ്ങള്‍ ചത്വരത്തെ ഉപേക്ഷിച്ചത്. ചത്വരത്തിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് നഗരസഭ അധികൃതര്‍ക്ക് മുന്നില്‍ നിരവധി പരാതികളുയര്‍ന്നുവെങ്കിലും യാതൊരു നടപടിയും നഗരസഭ സ്വീകരിച്ചിട്ടില്ല.