ആലപ്പുഴ : നഗരസഭ പരിധിയില്‍ അനധികൃത മത്സ്യവിപണനം നിരോധിച്ച നഗരസഭ കൗണ്‍സില്‍ ഉത്തരവ് നടപ്പായില്ല.അനധികൃതമായി മത്സ്യവില്‍പ്പന നടത്തുന്നവര്‍ക്കെതിരേ നഗരസഭ ആരോഗ്യവിഭാഗവും പോലീസും നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടികള്‍ കടലാസിലൊതുങ്ങി. രണ്ടുമാസം മുമ്പാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തട്ടുകള്‍ സ്ഥാപിച്ചും വാഹനങ്ങളിലും നടത്തുന്ന അനധികൃത മത്സ്യവില്‍പ്പന നഗരസഭ കൗണ്‍സില്‍ നിരോധിച്ചത്. ഇതു സംബന്ധിച്ച വാര്‍ത്ത മാധ്യമങ്ങളില്‍ വന്നെങ്കിലും നിരോധനം നടപ്പില്‍ വരുത്തേണ്ട ആരോഗ്യവിഭാഗത്തിന്റെ ഭാഗത്തും നിന്നും കാര്യമായ ഇടപെടലുണ്ടാകാതിരുന്നതോടെ അനധികൃത മത്സ്യവില്പന തുടരുകയായിരുന്നു.
നടപടി ശക്തമാക്കാത്തതിനു പിന്നില്‍ ഭരണപക്ഷത്തെ ഇടപെടലുകള്‍ ഉണ്ടായതായും ആക്ഷേപങ്ങളുയര്‍ന്നിരുന്നു. ഇതിനിടയിലാണ് നഗരത്തിലെ അനധികൃത മത്സ്യവില്പനയ്ക്കതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന നിലപാടു പോലീസ് സ്വീകരിച്ചത്. കഴിഞ്ഞമാസം 20നു ശേഷം നഗരപരിധിയില്‍ അനധികൃതമായി മത്സ്യവില്പന നടത്തുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ആലപ്പുഴ ഡിവൈഎസ്പി പത്രക്കുറിപ്പുമിറക്കിയിരുന്നു.
എന്നാല്‍ അധികൃതരുടെ ഇത്തരം നടപടികള്‍ക്കു പുല്ലുവില കല്പിച്ചു വഴിയോര അനധികൃത മത്സ്യവ്യാപാരം കൂടുതല്‍ സജീവമായതോടെ നഗരസഭ ആരോഗ്യവിഭാഗം പരിശോധനകള്‍ ശക്തമാക്കുകയും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മത്സ്യം പിടികൂടുകയും ചെയ്തു. ഇതോടെ തട്ടുകള്‍ക്കു പകരം വാഹനങ്ങളില്‍ മത്സ്യവില്പന എന്ന രീതിയിലേക്കു അനധികൃത മത്സ്യവ്യാപാരം മാറി. ഇതു ശ്രദ്ധയില്‍പ്പെട്ട നഗരസഭ വാഹനങ്ങളുടെ വിവരങ്ങള്‍ ആര്‍ടിഒ ഓഫീസിന് കൈമാറി നടപടികള്‍ സ്വീകരിക്കുമെന്നറിയിച്ചെങ്കിലും നടപടികള്‍ ഒന്നുമുണ്ടായില്ല.
കൈചൂണ്ടിമുക്ക്,കുടുംബശ്രീ ഓഫീസിനു മുന്‍വശം, തോണ്ടന്‍കുളങ്ങര ജംഗ്ഷനു സമീപം, നഗരത്തിന്റെ തെക്കു പടിഞ്ഞാറന്‍ പ്രദേശങ്ങള്‍, നഗരസഭ പരിധിയിലെ എസി റോഡ് എന്നിവടങ്ങളില്‍ ഇപ്പോഴും നിരോധനങ്ങള്‍ ഒന്നും ബാധകമാകാത്തത് പോലെ ഇത്തരം കച്ചവടം തകര്‍ക്കുകയാണ്.
വഴിയോര മത്സ്യകച്ചവടക്കാരില്‍ നിന്നും മത്സ്യം വാങ്ങുന്നതിനായി ഇരുചക്രവാഹനങ്ങളും മറ്റും റോഡില്‍ തന്നെ നിര്‍ത്തുന്നത് അപകടങ്ങള്‍ക്കും ഗതാഗത തടസങ്ങള്‍ക്കും ഒരുപോലെ വഴി വയ്ക്കുന്നു. വാഹനപരിശോധന നടത്തുന്ന പോലീസ് സംഘം പോലും ഇത്തരത്തിലുള്ള കാര്യങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നും ആക്ഷേപമുണ്ട്. നഗരസഭ നടപ്പാക്കി പൊളിഞ്ഞ പരിപാടികളുടെ ഗണത്തില്‍ അനധകൃത മത്സ്യ വിപണന നിരോധനത്തെയും പെടുത്തണോ എന്ന ചോദ്യമാണ് ജനങ്ങള്‍ ഉയര്‍ത്തുന്നത്.