നടപ്പാതയിലും മീഡിയനിലും പാതയോരത്തെ മരങ്ങളിലും പരസ്യം അനുവദിക്കില്ല

addകൊച്ചി: നടപ്പാതകളിലും റോഡിലെ മീഡിയനുകളിലും പാതയോരത്തെ മരങ്ങളിലും പരസ്യം പ്രദര്‍ശിപ്പിക്കുന്നത് അനുവദിക്കില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പരസ്യങ്ങളുമായി ബന്ധപ്പെട്ടു ഹൈക്കോടതിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ച സര്‍ക്കാരിന്റെ പുതിയ നയത്തിലാണ് ഈ നിര്‍ദേശം.

വാഹനങ്ങള്‍ ഓടിക്കുന്നവരുടെയും മറ്റും കാഴ്ച തടസപ്പെടുന്ന തരത്തില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും അനാവശ്യമായ പ്രദര്‍ശനങ്ങള്‍ക്ക് അനുമതി നല്‍കുകയില്ലെന്നും പുതിയ നയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ നയത്തിലെ പ്രധാന വ്യവസ്ഥകള്‍:

ഫുട്പാത്ത്, മീഡിയനുകള്‍, റോഡരുകിലെ മരങ്ങള്‍, ജംഗ്ഷനുകളിലെ ലാന്‍ഡ്‌സ്‌കേപ് തുടങ്ങിയവയില്‍ പരസ്യം അനുവദിക്കില്ല. റോഡരികില്‍നിന്നോ ഫുട്പാത്തില്‍നിന്നോ 50 മീറ്റര്‍ പരിധിയില്‍ പരസ്യങ്ങള്‍ സ്ഥാപിക്കരുത്. ട്രാഫിക് സിഗ്‌നലുകള്‍, ട്രാഫിക് അടയാളങ്ങള്‍, വഴിയോരങ്ങളിലെ ഇരിപ്പിടങ്ങള്‍ എന്നിവയിലൊന്നും പരസ്യം പാടില്ല. ഏതെങ്കിലും വ്യക്തിയോ കമ്പനിയോ സ്‌പോണ്‍സര്‍ ചെയ്തതാണെങ്കില്‍ പോലും അവയുടെ പരസ്യം അനുവദിക്കരുത്.

പരസ്യവാഹനങ്ങളെ പ്രവൃത്തിദിനങ്ങളില്‍ രാവിലെ 11.30 മുതല്‍ 3.30 വരെയും രാത്രി 8.30 മുതല്‍ രാവിലെ 7.30 വരെയും സഞ്ചരിക്കാന്‍ അനുവദിക്കും. രാത്രികാലങ്ങളില്‍ പരസ്യം കാണാന്‍ വേണ്ടി മാത്രമുള്ള വെളിച്ചമേ പാടുള്ളൂ. അലങ്കാര വിളക്കുകള്‍ അനുവദിക്കില്ല. ഇത്തരം വാഹനങ്ങളില്‍ റിക്കാര്‍ഡ് ചെയ്ത ശബ്ദമോ തത്സമയ അനൗണ്‍സ്‌മെന്റോ അനുവദിക്കില്ല. റോഡരികില്‍ നിന്ന് പത്തു മീറ്റര്‍ അകലെ വേണം പരസ്യവാഹനങ്ങള്‍ നിര്‍ത്തിയിടാന്‍. റോഡരികിലെ കടകള്‍ക്കു മുന്‍ഭാഗത്തെ വീതിയും നീളവും കണക്കാക്കി ആനുപാതികമായ അളവില്‍ ബോര്‍ഡ് സ്ഥാപിക്കാം. ഷോപ്പിംഗ് മാളുകളിലും വാണിജ്യ സമുച്ചയങ്ങളിലും സ്ഥാപനങ്ങള്‍ക്ക് ഒരുമിച്ച് ഡിസ്‌പ്ലേ ബോര്‍ഡ് സ്ഥാപിക്കാം.

കടയുടെ പേര്, ലോഗോ, ഫോണ്‍ നമ്പര്‍, റൂം നമ്പര്‍ തുടങ്ങിയവ ഇത്തരം ബോര്‍ഡുകളില്‍ രേഖപ്പെടുത്താം. ബസ് സ്റ്റോപ്പുകളിലും കെഎസ്ഇബി, ബിഎസ്എന്‍എല്‍ പോസ്റ്റുകളിലും പരസ്യം അനുവദിക്കില്ല. പരസ്യഹോര്‍ഡിംഗ് സ്ഥാപിക്കുന്നതിനു കൊടുങ്കാറ്റിനെ പ്രതിരോധിക്കാന്‍ കഴിവുള്ളതും ഉറപ്പുള്ളതുമായ സ്ഥിരം സംവിധാനം നിര്‍ബന്ധമാക്കും. പാലം, ഫ്‌ളൈഓവര്‍ എന്നിവയുടെ കൈവരിയില്‍ പരസ്യം പാടില്ല. റോഡരികില്‍നിന്നു മാറി നിയമപ്രകാരം പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനു ജില്ലാ തല റോഡ് സുരക്ഷാ കൗണ്‍സിലില്‍നിന്ന് അനുമതി വാങ്ങിയിരിക്കണം.

വലിയ പരസ്യബോര്‍ഡുകളും പരസ്യകമാനങ്ങളും റോഡ് സുരക്ഷയ്ക്കു ഭീഷണിയാണെന്നും പല അപകടങ്ങള്‍ക്കും കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടി ഡിജോ കാപ്പന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു പരസ്യനയം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. സുരക്ഷാ ഭീഷണിയുണ്ടാക്കുന്ന തരത്തില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതു തടയണമെന്നു സര്‍ക്കാര്‍ കഴിഞ്ഞ ജൂണില്‍ ഉത്തരവിറക്കിയിരുന്നു. പിന്നീട് പുതിയ പരസ്യനയത്തിനു രൂപം നല്‍കാന്‍ കഴിഞ്ഞ ഒക്ടോബറില്‍ ഉത്തരവു മരവിപ്പിക്കുകയായിരുന്നു.

Related posts