കലിഫോര്‍ണിയ: റാഫേല്‍ നദാല്‍ കലിപ്പിലാണ്. താന്‍ മരുന്നടിക്കാരനാണെന്ന മുന്‍ ഫ്രഞ്ച് കായികമന്ത്രി റോസലെന് ബാഷെലോയുടെ ആരോപണമാണ് ടെന്നീസ് ലോകത്തെ യുവരാജാവിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഉത്തേജകമരുന്ന് ഉപയോഗിച്ചതിനു റഷ്യന്‍ താരം മരിയ ഷറപ്പോവ കഴിഞ്ഞദിവസം പിടിക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് നദാലിനെതിരേയും ആരോപണം ഉയര്‍ന്നത്. 2012ല്‍ നദാല്‍ ദീര്‍ഘകാലം കളത്തില്‍നിന്നു മാറിനിന്നത് ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനാലാണെന്നായിരുന്നു ബാഷെലോയുടെ ആരോപണം.
ഇന്ത്യന്‍ വെല്‍സ് ഓപ്പണില്‍ കളിച്ചുകൊണ്ടിരിക്കുന്ന സ്പാനിഷ് താരം രോഷത്തോടെയാണ് ആരോപണത്തോടു പ്രതികരിച്ചത്. തീര്‍ച്ചയായും ഞാന്‍ അവര്‍ക്കെതിരേ കോടതിയെ സമീപിക്കും. ഭാവിയിലും ഇതുപോലെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ട്. ഇതുപോലുള്ള ആരോപണം മുമ്പും ഞാന്‍ നേരിട്ടിരുന്നു; ഇനി വയ്യ -നദാല്‍ വ്യക്തമാക്കി.