ചേര്‍പ്പ്: ഇരുകാലുകളും തളര്‍ന്നപ്പോള്‍ ശബ്ദം ഊന്നുവടിയാക്കിയ ഷെഫീഖിന്റെ ശബ്ദമാണ് ഈ തെരഞ്ഞെടുപ്പുകാലത്തു സ്ഥാനാര്‍ത്ഥികളുടെ വോട്ടുപെട്ടി നിറക്കാനുള്ള ആയുധം. നടക്കാന്‍ വയ്യെങ്കിലും തെരഞ്ഞെടുപ്പുകാലമായതിനാല്‍ ഇരിക്കാന്‍ നേരമില്ലാതെ ഷെഫീഖ് ഓട്ടത്തിലാണ്. ചേര്‍പ്പ് പടിഞ്ഞാട്ടുമുറി കൊട്ടാരത്തില്‍ വീട്ടില്‍ ഷെഫീഖ് (26) തന്റെ ശബ്ദം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കു വോട്ടുപിടിക്കാനാണ് ഉപയോഗിക്കുന്നത്.
രണ്ടാംവയസില്‍ തളര്‍വാതം പിടിപെട്ട് ഇരുകാലുകളും തളര്‍ന്നു. രണ്ടരക്കൊല്ലം ചികിത്സനടത്തിയെങ്കിലും കാലുകള്‍ക്കു ബലം ലഭിച്ചില്ല. പിന്നെ കാലുകള്‍ തളര്‍ന്നവര്‍ക്കുള്ള പ്രത്യേക തരത്തിലുള്ള ഷൂ ധരിച്ചും ക്രച്ചസിന്റെ സഹായത്തോടെയും നടക്കാന്‍ പഠിച്ച ഷെഫി എന്ന ഷെഫീഖിനു ഇതുവരെയുള്ള ജീവിതത്തിനു താങ്ങായതു നാവും ശബ്ദവുമാണ്.
പഠനത്തോടൊപ്പം തനിക്കുള്ള വിവിധ കലാപരമായ കഴിവുകളേയും നെഞ്ചോടുചേര്‍ത്താണ് ഷെഫി വിജയക്കുതിപ്പ് തുടങ്ങിയത്. ചേര്‍പ്പ് ചെറു ചേനം പള്ളിയിലെ പരിപാടികളില്‍ തുടങ്ങി കലാ-സാഹിത്യ സാമൂഹിക പരിപാടികള്‍ക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും ശബ്ദം ലൈവായും, റിക്കാര്‍ഡു ചെയ്തും ഉപയോഗിച്ചുതുടങ്ങി.
പഠനശേഷം രണ്ടുവര്‍ഷം കംപ്യൂട്ടര്‍ അധ്യാപകനായും 10 വര്‍ഷമായി സെയില്‍സ്മാനായും ജോലി നോക്കി. ഗ്രാഫിക് ഡിസൈനര്‍, വീഡിയോ എഡിറ്റര്‍ എന്നീ ജോലികളിലും ഷെഫീഖ് മിടുക്കനാണ്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഷെഫിക്കു സ്ഥാനാര്‍ഥികളേക്കാളും ആവേശമാണ്. കഴിഞ്ഞ പതിനഞ്ചുവര്‍ഷത്തിലേറെയായി തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തു സജീവമാണ്. തേറമ്പില്‍ രാമകൃഷ്ണന്, കെ.പി. ധനപാലന്, പി.സി. ചാക്കോ, എം.കെ. കണ്ണന് തുടങ്ങി നിരവധി പ്രമുഖ നേതാക്കള്‍ക്കു വേണ്ടി തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ ശബ്ദം നല്കിയ ഷെഫി വെറുമൊരു അനൗണ്സര് മാത്രമല്ല നല്ലൊരു ഗായകന്‍കൂടിയാണ്.
കരോക്കെ ഗാനമേളകളില്‍ സ്ഥിരമായി പാടാറുള്ള ഗാനരചയിതാവ് കൂടിയായ ഈ കലാകാരന് 11 ആല്‍ബങ്ങള്‍ക്കു പാട്ടെഴുതി. ഷോര്‍ട്ട് ഫിലിമുകള്‍ക്കായി രചനയും നടത്തി. പ്രാഞ്ചിയേട്ടന് ആന്‍ഡ് ദി സെയ്ന്റ് അടക്കം ഏഴു സിനിമകളിലും ഏതാനും ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചു. സ്വന്തം കവിതകള്‍ അടങ്ങിയ ആദ്യ കവിതാ പുസ്തകം “സമര്‍പ്പണം’ പുറത്തിറക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. മുഹമ്മദലിയുടെയും സുഹ്റയുടേയും മകനാണ് ഷെഫീഖ്. സജ്ന, ഷഹന എന്നിവര്‍ സഹോദരങ്ങളാണ്.
പതിനഞ്ചു വര്‍ഷത്തിലേറെയായി അനൗണ്‍സ്മെന്റ് രംഗത്തു ഷെഫിയുണ്ട്. കാലുകളില്‍ കമ്പിയും ഷൂസും അടങ്ങിയ ഉപകരണം ഘടിപ്പിച്ച് വാക്കിംഗ് സ്റ്റിക് ഉപയോഗിച്ചാണ് നടക്കുന്നത്. പ്രചാരണം തുടങ്ങിക്കഴിഞ്ഞാല്‍ രാവിലെ എട്ടര മുതല്‍ വൈകീട്ട് ആറുവരെ ഷെഫിഖിനു തിരക്കോടുതിരക്കായിരിക്കും. സ്ഥാനാര്‍ഥിക്കുവേണ്ടി തയാറാക്കിയ ബ്രോഷറുകളും നോട്ടീസും നോക്കിയാണ് അനൗണ്‍സ്മെന്റ് മാറ്ററുകള്‍ തയാറാക്കുന്നത്. പാര്‍ട്ടിയും ചരിത്രവും സ്ഥാനാര്‍ഥിയുടെ പരിചയ സമ്പന്നതയും എല്ലാം കോര്‍ത്തിണക്കി ആവേശകരമായ വാക്കുകളോടെയുള്ള അനൗണ്‍സ്മെന്റ് മനോധര്‍മം അനുസരിച്ച് ലൈവായി മാറ്റാനും ഷെഫീഖിനു കഴിയും.