നരനെക്കാള്‍ വലുത് നായയോ? വാചകമടി മതിയായി… മനുഷ്യനെ കൊന്ന് പട്ടിപ്രേമം… സര്‍ക്കാര്‍ ഉത്തരവ് ഒരുനിമിഷം വൈകരുത് !

Dogമനുഷ്യനെ കൊന്നു തിന്നാന്‍ മടിക്കാത്ത നായ്ക്കള്‍ നാടു നിറഞ്ഞ കാലം മുമ്പുണ്ടായിട്ടില്ല. ലോകത്തൊരു ജനതയ്ക്കും ഇത്തരമൊരു ദുര്‍ഗതി ഇല്ലതാനും. ഈ നരഭോജികളെ നശിപ്പിക്കാന്‍ ഉത്തരവിറക്കാന്‍ ഇനി ഒരു നിമിഷം വൈകിക്കൂടാ. സ്ഥിതി അത്ര ഭയാനകമാണ്. മൃഗസ്‌നേഹികളെന്നു നടിച്ച് ഈ തെരുവുപട്ടികളുടെ പക്ഷത്തുനില്ക്കുന്നവര്‍ മനുഷ്യരോടു കാണിക്കുന്ന ക്രൂരത വെറുതെ അവഗണിക്കരുത്. മനുഷ്യനു ഉപദ്രവം മാത്രം സൃഷ്ടിക്കുന്ന ഈ നായ്ക്കളെ കൊല്ലരുതെന്നു വാശിപിടിക്കുന്നവര്‍ നാളെ  എലികളെയും പാറ്റയെയും പഴുതാരയെയും കൊതുകിനെപ്പോലും കൊല്ലരുതെന്നു പറഞ്ഞ് വരില്ലെന്ന് ആരുകണ്ടു. ഈ വേഷം കെട്ടിനു സര്‍ക്കാര്‍ വഴങ്ങരുതെന്നാണു ഞങ്ങള്‍ക്കു പറയാനുള്ളത്.

ഇതിനെതിരെ ആവുന്നതെല്ലാം ചെയ്യണമെന്നാവശ്യപ്പെട്ട് വായനക്കാര്‍ നിരന്തരം മാധ്യമങ്ങളുടെ ഓഫീസുകളിലേക്കു വിളിക്കുകയാണ്. തിരുമാനം ഉണ്ടായേ തീരൂ. സര്‍ക്കാര്‍ ആരെയാണ് ഭയപ്പെടുന്നത്. ഈ മനുഷ്യാവകാശ പ്രതിസന്ധി കാണാതിരിക്കാന്‍ മൃഗസ്‌നേഹി സംഘടനകള്‍ ഉള്‍പ്പെടെ ഒരു കേന്ദ്രത്തിനു ം കഴിയില്ല.

ഒരു സംസ്ഥാനത്തെ ജനങ്ങളെയാകെ വെല്ലുവിളിക്കുന്ന നിലപാടാണ് തെരുവുനായകളുടെ കാര്യത്തില്‍ ദേശീയ മൃഗസംരക്ഷണ ബോര്‍ഡ് സ്വീകരിച്ചിരിക്കുന്നത്. ഇത് അനുവദിക്കാന്‍ പറ്റില്ല. കേരളം പോലെ സാക്ഷരതയില്‍ മുന്നിട്ടു നില്ക്കുന്ന ഒരു സംസ്ഥാനത്തെ ഇങ്ങനെ കുരങ്ങുകളിപ്പിക്കാന്‍ അനുവദിക്കേണ്ടതില്ല. ഇവിടെ ജനങ്ങളെ കടിച്ചുകീറുകയും കൊന്നുതിന്നുകയും ചെയ്യുന്ന നായ്ക്കള്‍ നാടു നിറഞ്ഞുകഴിഞ്ഞു. അതിനെ കൊല്ലേണ്ട, ജനങ്ങള്‍ സഹിച്ചോളാന്‍ പറയാന്‍ ഒരുത്തര്‍ക്കും അവകാശമില്ല.

സംസ്ഥാനത്ത് ഭ്രാന്തുപിടിച്ച തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയാകുന്ന ജനങ്ങളുടെ എണ്ണം ആയിരക്കണക്കിനാണ്. അതിലേറെയും കുഞ്ഞുങ്ങള്‍. കടിയേറ്റ കുഞ്ഞുങ്ങളുടെ ഫോട്ടോകള്‍ പലതും പ്രസിദ്ധീകരിക്കാന്‍പോലും കഴിയാത്തവിധം ദാരുണമാണ്. കഴിഞ്ഞ ദിവസം കൊല്ലം പുല്ലുവിളയില്‍ കൊല്ലപ്പെട്ട സിലുവമ്മയുടെ ശരീരം പട്ടികള്‍ മുക്കാലും തിന്നുതീര്‍ത്തിരുന്നു.

അവരുടെ കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും മാനസികാവസ്ഥ എന്തായിരിക്കും. ശീതികരിച്ച മുറികളിലും മുന്തിയ കാറുകളിലുമിരുന്നു പ്രസ്താവനകളിറക്കുന്നവരെ അവര്‍ ഏതു സംഘടനയുടെ നേതാവാണെങ്കിലും മന്ത്രിമാരായാലും അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയണം. ഒരു ജനകീയ സര്‍ക്കാരിനെ ബന്ദിയാക്കാന്‍ ഇത്തരക്കാരെ അനുവദിച്ചുകൂടാ. ഒരു നിമിഷം വൈകരുത്.

നാലുവയസുകാരനേയും  അമ്മയേയും തെരുവുനായ് ആക്രമിച്ച സംഭവം: പഞ്ചായത്ത് ചികിത്സാധനസഹായം നല്‍കും

കൊട്ടാരക്കര: എഴുകോണില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനും  അമ്മയ്ക്കും തെരുവുനായുടെ കടിയേറ്റ സംഭവവുമായി ബന്ധപ്പെട്ട്  എഴുകോണ്‍ പഞ്ചായത്ത് രാവിലെ അടിയന്തരകമ്മിറ്റി ചേര്‍ന്നു.  കുട്ടിയുടെയും മാതാവിന്റെയും ചികിത്സയ്ക്കുള്ള ധനസഹായം ഇന്ന് ആശുപത്രിയിലെത്തിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത അറിയിച്ചു.

വാര്‍ഡ് മെമ്പര്‍ ഇന്നലെ തന്നെ മെഡിക്കല്‍കോളജില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയേയും മകനേയും കണ്ടു. തെരുവുനായ്ക്കളെ  വന്ധ്യംകരണത്തിന് വിധേയമാക്കുന്നതിനെയും അക്രമകാരികളായ നായ്ക്കളെ കൊല്ലുന്നതിനെയും കുറിച്ച് ആലോചിക്കാനാണ് ഇന്ന് രാവിലെ അടിയന്തിരമായി പഞ്ചായത്ത് കമ്മിറ്റി ചേര്‍ന്നത്.  ആക്രമണകാരികളായ നായ്ക്കളെ കൊല്ലുന്നതിന് ഈ വര്‍ഷത്തെ പദ്ധതിയില്‍ തുക വകയിരുത്തി. ജില്ലാവികസന സമിതിയുടെ അംഗീകാരം ലഭിച്ചാല്‍  പദ്ധതി നടപ്പാക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.

വട്ടമണ്‍കാവ് പെരുമ്പള്ളില്‍ വീട്ടില്‍ സുജാ പണിക്കരുടെയും ബിനു പണിക്കരുടെയും മകന്‍ അലന്‍ ബി. പണിക്കര്‍ക്കാണ് തെരുവുനായയുടെ ആക്രമണമേറ്റത്. ഇന്നലെ രാവിലെ 11ഓടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാഞ്ഞെത്തിയ തെരുവുനായ കുട്ടിയെ തലങ്ങും വിലങ്ങും കടിക്കുകയായിരുന്നു. മുഖത്തും ചുണ്ടിലും ശരീരത്തിലും കടിയേറ്റിട്ടുണ്ട്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അമ്മയെയും നായ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. നാട്ടുകാര്‍ എത്തിയാണ് നായയെ ഓടിച്ചത്. കുട്ടിയെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും പിന്നീട് കൊല്ലം ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അമ്മയുടെ പരിക്ക് സാരമുള്ളതല്ല.

അടിയന്തര ശസ്ത്രക്രിയ നടത്തി

തിരുവനന്തപുരം: എഴുകോണില്‍   തെരുവുനായുടെ കടിയേറ്റ നാലുവയസുകാരന്‍ അലന് ശസ്ത്രക്രിയ നടത്തി.  ശസ്ത്രക്രിയയ്ക്ക് ശേഷം വാര്‍ഡിലേക്ക് മാറ്റിയ കുട്ടിയുടെ നിലയില്‍ പുരോഗതി ഉണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.  കുട്ടിക്ക് ഒരുമാസത്തോളം നീണ്ടു നില്‍ക്കുന്ന പേവിഷ പ്രതിരോധ ചികിത്സ തുടരും.

Related posts