കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനോടുബന്ധിച്ചു എക്സൈസ് അധികൃതര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലയായ കരീമഠത്തു നിന്നും ചങ്ങനാശേരിയില്‍ നിന്നും എക്സൈസ് സംഘം ലിറ്ററുകണക്കിനു കോടയും വാറ്റു ഉപകരണങ്ങളും പിടികൂടിയിരുന്നു. ജില്ലയിലെ ജനവാസം കുറഞ്ഞ പ്രദേശങ്ങള്‍, വെള്ളത്തിന്റെ ലഭ്യതയുള്ള സ്ഥലങ്ങള്‍, മദ്യത്തിന്റെ ലഭ്യത കുറവുള്ള പ്രദേശങ്ങള്‍, പോലീസ് എക്സൈസ് തുടങ്ങിയ ഫോഴ്സിനു എത്തിപ്പെടാനുള്ള സൗകര്യക്കുറവുള്ള പാടശേഖര മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വാറ്റു വന്‍തോതില്‍ നടക്കുന്നതായാണു എക്സൈസിനു വിവരം ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ലിറ്ററുകണക്കിനു കോടയും വാറ്റു ഉപകരണങ്ങളും പിടികൂടിയ കരീമഠ പ്രദേശം കുറ്റിക്കാടുകളും പുല്‍പ്പടര്‍പ്പുകളും വളര്‍ന്നു കാടുപിടിച്ചു കിടക്കുന്ന നിലയിലാണ്. ഇവിടങ്ങളില്‍ വ്യാജവാറ്റും ചാരായ വില്പനയും നടക്കുന്നതായി എക്സൈസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണു കോടയും വാറ്റു ഉപകരണങ്ങളും കണ്ടെത്തിയത്.
പൊതുജനങ്ങള്‍ക്കു വ്യാജമദ്യ നിര്‍മാണവും അനധികൃത മദ്യവില്പനയും കഞ്ചാവ്, മറ്റു ലഹരി മരുന്നുകളുടെ വില്പനയും ഉപയോഗവും ഉള്‍പ്പെടെയുള്ള നിര്‍ണായക വിവരങ്ങള്‍ എക്സൈസ് താത്കാലികമായി തുറന്നിരിക്കുന്ന കണ്ട്രോള് റൂമില്‍ നല്‍കാവുന്നതാണ്. വിവരങ്ങള്‍ നല്കുന്ന പേരുവിവരങ്ങള്‍ എക്സൈസ് രഹസ്യമായി സൂക്ഷിക്കുമെന്നു കോട്ടയം എക്സൈസ് ആന്റി നര്‍ക്കോട്ടിക് സ്പെഷല്‍ സക്വാഡ് സിഐ സ്വാമി നാഥന് രാഷ്്ട്രദീപികയോടു പറഞ്ഞു.
ജില്ലയില്‍ എക്സൈസിന്റെ മൊബൈല്‍ പെട്രോള്‍ യൂണിറ്റുകളും രണ്ടു സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകളും ഇന്റലിജന്‍സ് ടീം, ഷാഡോ എക്സൈസ്, വനിതാ സ്ക്വാഡ് എന്നിവയും പ്രവര്‍ത്തനമാരംഭിച്ചു. ജില്ലയെ രണ്ടു മേഖലയായി തിരിച്ചാണു എക്സൈസ് പരിശോധനകള്‍ പ്രധാനമായും നടത്തുന്നത്. മുന്‍കുട്ടി വിവരം തല്‍കാതെ ജില്ലയിലെ രണ്ടു വ്യത്യസ്ത മേഖലകളിലുള്ള റേഞ്ച് ഓഫീസുകളിലായിരിക്കും പരിശോധന സംഘം തമ്പടിക്കുക. എക്സൈസ് ഡെപ്യുട്ടി കമ്മീഷണരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണു അന്വേഷണ സംഘം പ്രവര്‍ത്തിക്കുക. അടിയന്തിര സാഹചര്യങ്ങളില്‍ ലഭിക്കുന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകളായിരിക്കും റെയ്ഡ് നടത്തുന്നത്.