തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കാര്യം പ്രഖ്യാപിച്ചശേഷം തലസ്ഥാനത്തെത്തിയ അദ്ദേഹം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
യുവാക്കളുടെ പിന്തുണ പ്രതീക്ഷ നല്കുന്ന കാര്യമാണ്, അവരെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കും. വിജയിച്ചാല്‍ വിദ്യാഭ്യാസത്തിനും യുവത്വത്തിനും പ്രാധാന്യം നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കും. പാര്‍ട്ടിയുടെ നല്ല പിന്തുണയുണ്ട്. മികച്ച തുടക്കം ലഭിക്കുമെന്നാണു കരുതുന്നതെ ന്നും ശ്രീശാന്ത് പറ ഞ്ഞു. മുംബൈയില്‍ നിന്നു രാവിലെ എട്ടരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ശ്രീശാന്ത് പഴവങ്ങാടി ഗണപതി ക്ഷേത്രം, ശ്രീപത്മനാഭസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി. അതിനുശേഷം ആര്‍എസ്എസ് കാര്യാലയത്തിലേക്കു തിരിച്ചു. സംസ്ഥാന നേതാക്കളുമായി ഏറെനേരം ശ്രീശാന്ത് ചര്‍ച്ച നടത്തി. തുടര്‍ന്ന് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള ലോഗോ പ്രകാശന ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തു. ഉച്ചക്കഴിഞ്ഞ് വെട്ടുകാട് പള്ളിയിലെത്തി പ്രാര്‍ഥിച്ചു. പിന്നീട്, കാട്ടായിക്കോണം സംഘര്‍ഷത്തില്‍ പരിക്കേറ്റ അമലിനെ കാണാന്‍ കിംസിലെത്തി. സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കി വൈകുന്നേരം കൊച്ചിയിലേക്കു തിരിച്ച ശ്രീശാന്ത് മാര്‍ച്ച് 30 മുതല്‍ മണ്ഡലത്തില്‍ പര്യടനത്തിനിറങ്ങുമെന്നു ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു.