നിരീക്ഷണ കാമറകള്‍ പ്രഹസനം : അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നില്ല

klm-cameraകൊട്ടിയം : നിരീക്ഷണ കാമറകള്‍ പ്രഹസനമാകുന്നു. അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങളെ കണ്ടെത്താന്‍ കഴിയുന്നില്ല. നഗരത്തില്‍ ഉള്‍പ്പടെ ദേശീയപാതയിലും ബൈപ്പാസ് റോഡിലും നിരീക്ഷണ കാമറകള്‍ ഉണ്ടെങ്കിലും ഇവപ്രവര്‍ത്തിക്കുന്നില്ലെന്നാണ് പരാതികള്‍ ഉയരുന്നത്. ദേശീയപാതയില്‍ ഉള്‍പ്പടെ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. അപകടങ്ങളില്‍പ്പെടുന്ന വാഹനങ്ങള്‍ പലപ്പോഴും നിറുത്താതെ കടന്നുകളയുകയും ചെയ്യുന്നസംഭവങ്ങള്‍ നിരവധിയായിട്ടും ഈ വാഹനങ്ങളെ കണ്ടെത്താന്‍ പോലീസിനു കഴിയുന്നില്ല. റോഡില്‍ മുക്കും മൂലയും വരെ നിരീക്ഷണവലയത്തിലാണെന്ന് അവകാശപ്പെടുന്ന പോലീസിന് അപകടമുണ്ടാക്കി കടന്നുകളയുന്ന ഇത്തരം വാഹനങ്ങളെ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്.

മേവറം – അയത്തില്‍ ബൈപ്പാസ് റോഡില്‍ ബൈക്ക് യാത്രികനായ യുവാവിനെ ഇടിച്ചശേഷം കടന്ന വാഹനത്തെ ഇനിയും പോലീസിന് കണ്ടെത്താനായിട്ടില്ല. ഇക്കഴിഞ്ഞ 22ന് ബൈപ്പാസില്‍ പാലത്തറ ദന്താശുപത്രിക്കടുത്ത് നടന്ന അപകടത്തില്‍ കിളികൊല്ലൂര്‍ ഐശ്വര്യനഗര്‍ 44ല്‍ കോണത്തുവീട്ടില്‍ അല്‍ത്താഫ് (22) ആണ്  മരിച്ചത് . അയത്തില്‍ നിന്ന് പാലത്തറയിലുളള സുഹൃത്തിനെ കാണാന്‍വരുമ്പോള്‍ രാത്രി എട്ടരയോടെ ഇയാള്‍ സഞ്ചരിച്ച ബൈക്കില്‍ അജ്ഞാതവാഹനം ഇടിക്കുകയായിരുന്നു.  മേവറത്തും  നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ദേശീയപാതയില്‍ പാരിപ്പളളിക്കും-കല്ലുവാതുക്കലിനും ഇടയില്‍ ശ്രീരാമപുരം ഭാഗത്ത് കാല്‍നട യാത്രക്കാരിയായ സ്ത്രീയെ ഇടിച്ച് തെറിപ്പിച്ചശേഷം നിറുത്താതെപോയ വാഹനം കണ്ടെത്താനായി ദേശീയപാതയില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറകള്‍  പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചില കാമറകള്‍ പ്രവര്‍ത്തനം നിലച്ചതാണെന്നാണ് അന്ന് പരിശോധനനടത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.  ദേശീയപാതയില്‍ ഉള്‍പ്പടെ അപകടങ്ങള്‍ ഉണ്ടാക്കിയശേഷം കടന്നുകളയുന്ന വാഹനങ്ങളുടെ എണ്ണവും അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടും പോലീസ് ഇത് കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നത്.

Related posts