‘നിര്‍മല മനസ്… വീടു കത്തിനശിച്ച നിര്‍മലയ്ക്കു നാട്ടുകാര്‍ താത്കാലിക വീടൊരുക്കും

ktm-nimalaവൈക്കം: തീ പിടിത്തത്തില്‍ വീടു പൂര്‍ണമായും കത്തിനശിച്ചു മാറിയുടുക്കാന്‍ വസ്ത്രം പോലും ഇല്ലാതായ ഉദയനാപുരം അക്കരപ്പാടത്തെ മൂന്നുതെങ്ങിന്‍ചിറയില്‍ (വിനീതാഭവന്‍) നിര്‍മലയ്ക്കു അന്തിയുറങ്ങാന്‍ നാട്ടുകാര്‍ താത്കാലിക വീടൊരുക്കും. അടുത്ത സാമ്പത്തികവര്‍ഷം കുറ്റമറ്റ വീടൊരുക്കുന്നതിനു പഞ്ചായത്തും ധനസഹായം നല്കുന്നതിനു മുന്‍ഗണന നല്കും. ഇന്നലെ പുലര്‍ച്ചെ 12.45നാണ് നിര്‍മലയുടെ വീട് കത്തിനശിച്ചത്. നിര്‍മല ആ സമയം ബന്ധുവീട്ടിലായിരുന്നതിനാല്‍ ആളപായമൊഴിവാകുകയായിരുന്നു.

വീടും വീട്ടുപകരണങ്ങളുമെല്ലാം പൂര്‍ണമായും കത്തി ചാമ്പലായി. ഭര്‍ത്താവ് മരിച്ച നിര്‍മല പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയച്ചശേഷം ഒറ്റയ്ക്കായിരുന്നു താമസം. വീട്ടിലെ വൈദ്യുതി തകരാര്‍ പരിഹരിക്കണമെന്നു കാട്ടി നിര്‍മല അധികൃതര്‍ക്കു നല്‍കിയ പരാതി പരിഹരിച്ചിരുന്നെങ്കില്‍ വയോധികയ്ക്കു കിടപ്പാടം നഷ്ടമാകുമായിരുന്നില്ലെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. വാര്‍ഡ് മെംബര്‍ പ്രവീണയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ വസ്ത്രങ്ങളും പാത്രങ്ങളും വാങ്ങി നല്‍കി. സുമനസുകളുടെ സഹായത്തോടെ നിര്‍മലയ്ക്കു തലചായ്ക്കാന്‍ താത്കാലിക ഭവനമൊരുക്കാന്‍ ശ്രമങ്ങള്‍ നടത്തിവരുകയാണ് നാട്ടുകാര്‍.

Related posts