കൊല്ലം: മഴശക്തമായി പെയ്തിട്ടും നീണ്ടകര പഞ്ചായത്തില്‍ മിക്കപ്പോഴും കുടിവെള്ളം കിട്ടാനില്ലാത്ത സ്ഥിതിയാണുള്ളത്. രാവിലെ എട്ട് കഴിഞ്ഞാല്‍ മിക്ക ദിവസങ്ങളിലും കുടിവെള്ളം ലഭിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. ശാസ്താം കോട്ടയില്‍ നിന്നുള്ള പൈപ്പുവെള്ളത്തെയാണ് നീണ്ടകര പ്രദേശവാസികള്‍ ആശ്രയിക്കുന്നത്.
പഞ്ചായത്തിലെ മിക്ക ഭാഗങ്ങളിലും ഉപ്പിന്റെ അംശം ഏറിയിട്ടുള്ളതിനാല് കിണറുകളിലെ വെള്ളം കുടിവെള്ളമായി ഉപയോഗിക്കാന്‍ കഴിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വേനല്‍ക്കാലത്ത് കുടിവെള്ളം മുടങ്ങിയത് രാഷ്ട്രീയമായ മുതലെടുപ്പ് ഉണ്ടാക്കിയിരുന്നു. തെന്മലയില്നിന്ന് അന്ന് വെള്ളമെത്തിച്ചാണ് കുടിവെള്ളപ്രശ്നം പരിഹരിച്ചിരുന്നത്.
മഴപെയ്ത് ശാസ്താംകോട്ട കായലില്‍ വെള്ളമുണ്ടായിട്ടും അടിക്കടി കുടിവെള്ളം മുടങ്ങുന്നത് നാട്ടുകാരുടെ പ്രതിഷേധത്തിനിട യാക്കിയിരിക്കുകയാണ്. കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.’