കോഴഞ്ചേരി: നീതി മെഡിക്കല്‍ സ്റ്റോറുകളില്‍ മരുന്നുകളുടെ വില കൂട്ടി. ജീവന്‍രക്ഷ ഔഷധങ്ങളുടെ ഉള്‍പ്പെടെ വിലയില്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്. പൊതുവിപണിയിലെ മരുന്നുകളുടെ വില വര്‍ധന പിടിച്ചുനിര്‍ത്തുന്നതിന് വേണ്ടിയാണ് പ്രാഥമിക സഹകരണ സംഘങ്ങളുടെ ചുമതലയില്‍ നീതി മെഡിക്കല്‍ സ്റ്റോറുകള്‍ സംസ്ഥാനത്ത് ആരംഭിച്ചത്. മരുന്നുകള്‍ക്ക് 16 മുതല്‍ 18 ശതമാനം വരെ വിലക്കിഴിവാണ് ലഭിച്ചുകൊണ്ടിരുന്നത്.
ജീവന് രക്ഷാ ഔഷധമായ ഇന്‍സുലിന്‍ 18 ശതമാനം വിലക്കിഴിവാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇത് 16 ശതമാനമായിട്ടാണ് കുറച്ചിരിക്കുന്നത്. മറ്റ് മരുന്നുകള്‍ക്ക് 16 ശതമാനം ഉണ്ടായിരുന്ന വിലക്കിഴിവ് 13 ശതമാനമായി വെട്ടിക്കുറച്ചു. സാമ്പത്തികമായി പിന്നോക്കം അനുഭവിക്കുന്നവര്ക്ക ഏറെ പ്രയോജനകരമായിരുന്നു നീതി മെഡിക്കല്‍ സ്റ്റോറിലെ വിലനിലവാരം. കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്റെ വെയര്‍ഹൗസില്‍നിന്നാണ് നീതി മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് മരുന്നുകള്‍ ലഭിക്കുന്നത്. മരുന്നുകളുടെ വിലയുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നത് കണ്‍സ്യൂമര്‍ ഫെഡറേഷനാണ്.
ജീവിത ശൈലി രോഗത്തിനുള്ള പല മരുന്നുകളും നീതി മെഡിക്കല്‍ സ്റ്റോറില്‍ ലഭ്യമല്ല. ഇവയേക്കാള്‍ വില കുറച്ചാണ് മാവേലി മെഡിക്കല്‍ സ്റ്റോറില്‍നിന്നും മരുന്നുകള്‍ ലഭിക്കുന്നത്. എന്നാല്‍ മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍ പ്രധാന സ്ഥലങ്ങളിലും പട്ടണങ്ങളിലും മാത്രമാണുള്ളത്. ഗ്രാമപഞ്ചായത്തുകളില്‍ പ്രാഥമിക സഹകരണ സംഘങ്ങളുടെ ചുമതലയില്‍ ഒന്നിലധികം നീതി മെഡിക്കല്‍ സ്റ്റോറുകളാണ് പ്രവര്‍ത്തിക്കുന്നത്. കുത്തക മരുന്നു കമ്പനികളുടെ ബോധപൂര്‍വമായ ഇടപെടല്‍ മൂലമാണ് നീതി മെഡിക്കല്‍ സ്റ്റോറില്‍ ആവശ്യത്തിന് മരുന്ന് ലഭിക്കാതിരിക്കുന്നതെന്നും സാധാരണ ജനങ്ങള്‍ക്ക് ലഭിച്ചിരുന്ന വിലക്കിഴിവ് കുറച്ചതെന്നും ആരോഗ്യപ്രവര്‍ത്തകരും സഹകാരികളും പറയുന്നു.
ഗ്രാമീണ മേഖലയിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിക്കുന്നതോടൊപ്പം നീതി മെഡിക്കല്‍ സ്റ്റോറില്‍ ആവശ്യത്തിന് മരുന്ന് ലഭ്യമാക്കാനും പരമാവധി വില കുറച്ച് ജനങ്ങളിലെത്തിക്കാനുള്ള നടപടികളും ഉണ്ടാകണമെന്നാണ് സാധാരണക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, സാമ്പത്തിക നഷ്ടം സഹിച്ചുകൊണ്ട് പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നീതി മെഡിക്കല്‍ സ്റ്റോര്‍ നടത്തികൊണ്ടുപോകാന്‍ പ്രയാസമാണെന്ന് സംഘം പ്രസിഡന്റുമാര്‍ പറയുന്നു. സര്‍ക്കാരിന്റെ ഇടപെടലിലൂടെ മാത്രമേ നീതി മെഡിക്കല്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയുകയുള്ളൂ.