തൃശൂര്‍: യോഗയുടെ മഹത്വം വിളംബരം ചെയ്ത് ഇന്നു ലോകത്തോടൊപ്പം കേരളവും അന്താരാഷ്ട്ര യോഗദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുമ്പോള്‍ യോഗയെ കൂടുതല്‍ ജനകീയമാക്കാനായി യോഗ ഡാന്‍സും. തൃശൂര്‍ വടക്കാഞ്ചേരി കുണ്ടന്നൂരിലെ പ്രകൃതിചികിത്സക ഡോ.റെനി മുരിങ്ങാത്തേരി യാണ് യോഗാഭ്യാസത്തെ നൃത്തച്ചുവടുകളിലേക്കു സമന്വയിപ്പിച്ച് യോഗഡാന്‍സ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. യോഗ ശരീരത്തിനും മനസിനും ആയാസവും ഉന്മേഷവും നല്കുന്നു എന്നു പറയുമ്പോള്‍ ഇത് ഏതെങ്കിലും അസുഖമുള്ളവര്‍ക്കു മാത്രമാണെന്നു കരുതുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ യോഗ നല്ലൊരു കലാരൂപം കൂടിയാണെന്നു ഡോ. റെനി തന്റെ യോഗ ഡാന്‍സിലൂടെ തെളിയിക്കുന്നു.
ഓരോ യോഗാസനത്തി ലും ഒരു നൃത്തച്ചുവടുണ്ട്. ഓരോ നൃത്തച്ചുവടിലും ഓരോ യോഗാസനമുണ്ട്. അതുകൊണ്ടുതന്നെ യോഗ ഡാന്‍സിനു സാധ്യതകള്‍ ഏറെയാണ്. യോഗ പഠിക്കുന്നവര്‍ക്കു ചെറിയൊരു പരിശീലനം കൂടി കൊടുത്താല്‍ യോഗ ഡാന്‍സ് അവതരിപ്പിക്കാനാകുമെന്നു ഡോ.റെനി പറയുന്നു.എയ്റോബിക്സില്‍ അടിപൊളി സംഗീതവും ചടുലമായ ചലനങ്ങളുമാണെങ്കില് യോഗ ഡാന്‍സില്‍ സംഗീതം അടിപൊളിയല്ല. വളരെ പതിഞ്ഞ, മനസിനു ലാഘവത്വം തരുന്ന കുളിര്മയേകുന്ന നനുനനുത്ത സംഗീതം. ചലനങ്ങള്‍ ചടുലമല്ല, വളരെ പതുക്കെയുള്ള ആയാസരഹിതമായ ബോഡി ലാംഗ്വേജാണ് യോഗ ഡാന്സിലേത്.
വളരെ സാവധാനത്തില്‍ ഇടവേളകളില്ലാത്ത ചുവടുകള്‍. യോഗാസനങ്ങള്‍ നൃത്തരൂപത്തിലാക്കിക്കൊണ്ട് ഏതാനും ദിവസം മുമ്പ് ഡോ.റെനിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ അവതരിപ്പിച്ചിരുന്നു. ഇതു കണ്ട നിരവധി പേര് യോഗ ഡാന്‍സ് അഭ്യസിക്കണമെന്ന ആവശ്യവുമായി റെനിയെ സമീപിച്ചിരുന്നു. ആരോഗ്യസംരക്ഷണത്തിന് എന്ന നിലയില്‍നിന്ന് യോഗ ഒരു കലാരൂപമായി അവതരിപ്പിക്കുകയാണ് ഡോ.റെനി. യോഗയോടു കൂടുതല്‍ പേര്‍ക്ക് താത്പര്യമുണ്ടാകാന്‍ യോഗ ഡാന്‍സ് സഹായിക്കുമെന്നു റെനി കരുതുന്നു.
അന്താരാഷ്ട്ര യോഗദിനത്തില്‍ യോഗയുടെ പ്രാധാന്യത്തിനും ബോധവത്കരണത്തിനുമായി നാടെങ്ങും വിവിധ പരിപാടികള്‍ നടക്കുമ്പോള്‍ യോഗ ഡാന്‍സ് അഭ്യസിക്കാന്‍ താത്പര്യമുളളവരെ സ്നേഹത്തോടെ ക്ഷണിക്കുകയാണ് ഡോ.റെനി. യോഗഡാന്സിനെക്കുറിച്ച് കൂടുതലറിയാന്‍ 98474 98 452 എന്ന നമ്പറില്‍ ബന്ധപ്പെടാം. ഇനി ഒരു മുന്നറിയിപ്പുകൂടി – ഏതെങ്കിലും അസുഖമുള്ളവര്‍, ചികിത്സയുടെ ഭാഗമായി യോഗ ചെയ്യുന്നവര്‍, യോഗ ഡാന്‍സിനു മുതിരുന്നത് അപകടകരമാണ്.