നെന്മാറ: നെന്മാറ-വല്ലങ്ങിവേലയുടെ ഭാഗമായുള്ള നെന്മാറ ദേശത്തിന്റെ ചമയപ്രദര്‍ശനം ഇന്നുരാവിലെ പത്തിന് മന്ദത്ത് ഭഗവതിക്ഷേത്ര സമീപത്തെ ശ്രീലക്ഷ്മി ഓഡിറ്റോറിയത്തില്‍ തുടങ്ങി. നാളെയാണ് വേല. നെന്മാറ-വല്ലങ്ങിവേലയോടനുബന്ധിച്ച് ഇന്നും നാളെയും നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ മദ്യവില്പനയ്ക്ക് നിരോധനം. താത്കാലികമായി എക്സൈസ് വകുപ്പ് നെന്മാറയിലേക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ചു.വേലയുടെ സുരക്ഷാ ക്രമീകരണത്തിനായി ഇന്നുമുതല്‍ മൂന്നുദിവസത്തേക്ക് 1200 പോലീസുകാരെയും നിയമിക്കും.
അഞ്ചു ഡിവൈഎസ്പിമാര്‍, 15 സിഐമാര്‍, 51 എസ്ഐമാര്‍, 44 എഎസ്ഐമാര്‍, 43 വനിതാ പോലീസുകാര്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് സുരക്ഷാസംഘം.മുഖ്യ സുരക്ഷാചുമതല വഹിക്കുന്നത് ജില്ലാ പോലീസ് മേധാവിയായിയിരിക്കും. കഴിഞ്ഞദിവസങ്ങളില്‍ നെല്ലിക്കുളങ്ങര ക്ഷേത്രപരിസരവും നെന്മാറ ആനപന്തലിനോടു ചേര്‍ന്നുള്ള ടൂറിസ്റ്റ് ംബംഗ്ലാവിന്റെ പരിസരങ്ങളും പോത്തുണ്ടിപാതയുടെ ഇരുഭാഗങ്ങളിലെയും കുറ്റിച്ചെടികള്‍ വെട്ടി വൃത്തിയാക്കിയിരുന്നു. നെന്മാറ പഞ്ചായത്ത് വാര്‍ഡിലെ തൊഴിലുറപ്പു തൊഴിലാളികളാണ് ഈ പ്രവൃത്തി നടത്തിയത്.