തിരുവനന്തപുരം: നടന് കലാഭവന്‍ മണിയുടെ മരണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനം ഇന്ന് തന്നെ സര്‍ക്കാര്‍ പുറത്തിറക്കും. എസ്പി ഉണ്ണിരാജിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചത്.
മണിയുടെ ആന്തരികാവയവങ്ങള്‍ കേന്ദ്ര ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ശരീരത്ത് കീടനാശനിയുടെ അംശം ഇല്ലായിരുന്നുവെന്നാണ് പരിശോധന ഫലം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വാഭാവിക മരണമെന്ന നിലയില്‍ റിപ്പോര്‍ട്ട് നല്കാന് അന്വേഷണ സംഘം തയാറെടുക്കുന്നതിനിടെയാണ് കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.
സ്വാഭാവിക മരണമെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെതിരേ മണിയുടെ കുടുംബം പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിലുള്ള കുടുംബത്തിന്റെ ആശങ്കയും സംശയവും മണിയുടെ സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന് മുഖ്യമന്ത്രിയെ കണ്ട് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഡിജിപിയോട് റിപ്പോര്‍ട്ട് തേടി. മരണത്തില്‍ ബന്ധുക്കളുടെ സംശയവും അറിയപ്പെടുന്ന നടന് എന്ന പരിഗണനയും മുന്‍നിര്‍ത്തി കേസ് സിബിഐക്ക് വിടാനാണ് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയത്. ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയും ഡിജിപിയുടെ റിപ്പോര്‍ട്ടിനെ അനുകൂലിച്ചതോടെയാണ് മുഖ്യമന്ത്രി കേസ് സിബിഐ അന്വേഷിക്കട്ടെ എന്ന നിലപാട് സ്വീകരിച്ചത്.