പകര്‍ച്ചവ്യാധികള്‍ വിട്ടൊഴിയാതെ പത്തനംതിട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളും ഒരുവഴിക്കായി

alp-kothukuറാന്നി: ഡെങ്കിപ്പനിയുടെ ഭീതി കുറഞ്ഞെങ്കിലും മഴക്കാല രോഗങ്ങള്‍ വിട്ടുമാറാത്തത് താലൂക്കിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ചിക്കന്‍പോക്‌സ് അടക്കമുള്ള രോഗങ്ങള്‍ ഇപ്പോഴും പടരുകയാണ്.  നാറാണംമൂഴി ഭാഗത്തും ചിക്കന്‍പോക്‌സ് പടര്‍ന്നുപിടിക്കുന്നുണ്ട്. ചിക്കന്‍പോക്‌സിനു സമാനമായ രോഗങ്ങളും പടരുന്നുണ്ട്. ആരോഗ്യവകുപ്പ് അധികൃതര്‍ ഈ മേഖലയില്‍ ശ്രദ്ധിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

കുട്ടികളിലാണ് ചിക്കന്‍പോക്‌സ് കൂടുതലായി കണ്ടുവരുന്നത്. കുടുംബങ്ങളില്‍ ഒരാളില്‍ പിടിപെടുന്ന രോഗം മറ്റുള്ളവരിലേക്കും വ്യാപകമാകുകയാണ്. ഹോമിയോ പ്രതിരോധ മരുന്നുകളുണ്ടെങ്കിലും യഥാസമയം ഇതു ലഭിക്കാത്തതു കാരണം കൂടുതല്‍പേരില്‍ രോഗബാധ കണ്ടുവരുന്നു. ചിക്കന്‍പോക്്‌സിനേക്കാള്‍ അപകടകരമായ ഹെര്‍പ്പിസ് രോഗമാണ് പലയിടങ്ങളിലും കണ്ടുവരുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

ഞരമ്പുകള്‍ സന്ധിക്കുന്ന ഭാഗങ്ങളില്‍ കുരുക്കള്‍ പ്രത്യക്ഷപ്പെട്ട് പൊട്ടുകയും അസഹ്യമായ വേദന രോഗിയ്ക്കുണ്ടാകുന്നുവെന്നതാണ് പ്രത്യേകത.   ഈ രോഗം ഇതേ അവസ്ഥയില്‍ പടരാറില്ലെങ്കിലും പ്രതിരോധ മരുന്ന് കഴിക്കുന്നില്ലെങ്കില്‍ ചിക്കന്‍പോക്‌സ് പിടിപെടാനുള്ള സാധ്യത ഏറെയാണെന്ന് ഹോമിയോ, അലോപ്പതി വിഭാഗം ഡോക്ടര്‍മാര്‍ പറഞ്ഞു. മരുന്നു കഴിച്ചാലും മൂന്നുമാസത്തോളം രോഗത്തിന്റെ ബുദ്ധിമുട്ടുകള്‍ രോഗിയില്‍ നിലനില്‍ക്കും. ഹെര്‍പ്പിസ് രോഗിയില്‍ നിന്ന് കുടുംബാംഗങ്ങളിലേക്ക് ചിക്കന്‍പോക്‌സ് പടരാതിരിക്കാന്‍ ഹോമിയോപ്പതിയില്‍ പ്രതിരോധമരുന്നുകള്‍ ലഭ്യമാണ്.

Related posts