പൂച്ചാക്കല്‍: തുറവുര്‍- പമ്പാ പാതയിലെ ആദ്യ പാലമായ തുറവൂര്‍ – തൈക്കാട്ടുശേരി പാലം തുറന്ന് കൊടുത്ത് രണ്ട് വര്‍ഷം പിന്നിടുമ്പോഴും പാലവും പരിസരവും ഇരുട്ടില്‍ തന്നെ. വിളക്കുകള്‍ സ്ഥാപിക്കുന്നതിനായി എംപി ഫണ്ടില്‍ നിന്നും 14 ലക്ഷം അനുവദിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ വിളക്കുകള്‍ സ്ഥാപിച്ചിട്ടില്ല. കെല്ടോണിനെയാണ് വിളക്ക് സ്ഥാപിക്കുന്നതിനായി ചുമതപ്പെടുത്തിയത്. പാലത്തിന്റെ ഒരു വശത്തു മാത്രം 15 വിളക്കുകാലും വിളക്കും സ്ഥാപിച്ചിട്ടുണ്ട്.
എന്നാല്‍ പാലത്തിന്റെ അപ്രോച്ച് റോഡിലും വിളക്കുകള്‍ സ്ഥാപിക്കാനുണ്ട്. ഇരു പഞ്ചായത്തുകളിലെയും അപ്രോച്ച് റോഡില്‍ 45 പോസ്റ്റുകള്‍ കെഎസ്ഇബി സ്ഥാപിച്ച് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവയില്‍ ഒന്നില്‍ പോലും വിളക്കുകള്‍ സ്ഥാപിച്ചിട്ടില്ല. പാലത്തിലും അപ്രോച്ച് റോഡിലും വെളിച്ചമില്ലാത്തതിനാല്‍ രാത്രി സമയങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെയും മദ്യപന്മാരുടെയും അഴിഞ്ഞാട്ടമാണിവിടെ. കൂടാതെ പാലത്തില്‍ നിന്നും മാലിന്യം തളളുന്നതുമൂലം തെരുവുനായ്കളുടെ ശല്യവും വര്‍ധിച്ചിട്ടുണ്ട്. പാലത്തില്‍ തെരുവ് വിളക്ക് സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് തൈക്കാട്ടുശേരി കുരിശു കടവിലെ ചെറുപ്പക്കാര്‍ ചേര്‍ന്ന് പാലത്തില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചിരുന്നു.
കൂടാതെ കെ.സി.വേണുഗോപാല്‍ എംപിക്കും കെല്‍ട്രോണിന്റെ വിഴ്ച്ചകള്‍ ചൂണ്ടിക്കാണിച്ച് പരാതി നല്‍കിയിരുന്നു. എന്നാല്‍ എല്ലാ വിളക്കുകളും ഒരേ സമയം കത്തുകയും കെടുത്തുകയും ചെയ്യുന്ന ടൈമര്‍ തയാറാക്കിയെടുക്കാന്‍ ഉളളതിനാലാണ് വിളക്ക് സ്ഥാപിക്കുന്നതില്‍ താമസം വരുന്നത് എന്നാണ് കെല്‍ട്രോണ്‍ അധികൃതര്‍ പറയുന്നതെന്നറിയുന്നു.
വിളക്കുകള്‍ തെളിക്കുന്നതിന് ആവശ്യമായ വൈദ്യുതിയുടെ തുക തൈക്കാട്ടുശേരി, തുറവൂര്‍ പഞ്ചായത്തുകളാണ് വഹിക്കേണ്ടത്. എന്നാല്‍ വിളക്കുകള്‍ സ്ഥാപിക്കുന്നത് പ്രതിസന്ധിയിലായതിനാല്‍ പഞ്ചാത്തുകളും ഇക്കാര്യത്തില്‍ ധാരണയായിട്ടില്ല. രണ്ട് മാസം കൂടി കഴിഞ്ഞാല്‍ ശബരിമല സീസണ് ആരംഭിക്കുന്നതോടെ ഇതു വഴി പോകുന്ന അയ്യപ്പഭക്തന്മാരാണ് പാലത്തില്‍ വെളിച്ചമില്ലാത്തതുമൂലം ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നത്.