മുണ്ടക്കയത്ത് തോട്ടം സൂപ്പര്‍വൈസറെ കൊന്നു കുഴിച്ചുമൂടി; കണ്ടെത്തിയത് ജൂലൈ 18 മുതല്‍ കാണാതായ ആളുടെ മൃതദേഹം; റബര്‍തോട്ടത്തിലെ ജീവനക്കാരന്‍ കസ്റ്റഡിയില്‍

Crimeകാഞ്ഞിരപ്പള്ളി:  റബര്‍ തോട്ടത്തില്‍ സൂപ്പര്‍ വൈസറായി ജോലി ചെയ്തിരുന്നയാളെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. മുണ്ടക്കയം വണ്ടംപതാല്‍ സ്വദേശി തട്ടാശേരി അരവിന്ദാക്ഷനെ ( അരവിന്ദ്-52) യാണ് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ടു റബര്‍ തോട്ടത്തിലെ ജീവനക്കാരനും വണ്ടംപതാല്‍ സ്വദേശിയുമായ മാത്യുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

മുണ്ടക്കയം ഇളംപ്രാമലയിലുള്ള സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തിലാണു അരവിന്ദാക്ഷനും മാത്യുവും ജോലി ചെയ്തിരുന്നത്. റബര്‍ തോട്ടത്തിനു അടുത്തു താമസിക്കുന്ന സൈമണ്‍ എന്നയാള്‍ പോലീസിനോടു സംഭവങ്ങള്‍ വെളിപ്പെടുത്തിയതോടെയാണു കൊലപാതക വിവരം പുറംലോമറിയുന്നത്. കൊലപ്പെടുത്തിയശേഷം തോട്ടത്തിലെ വേസ്റ്റ് കൂഴിയിലാണു മൃതദേഹം കുഴിച്ചുമൂടിയിരിക്കുന്നത്. അതിനു മുകളില്‍ ചപ്പുചവറുകളും ഇട്ടു മറച്ചിരുന്നു.

പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണു മദ്യലഹരിയിലായിരുന്ന സൈമണ്‍ ഇക്കാര്യങ്ങള്‍ പോലീസിനോടു വെളിപ്പെടുത്തിയത്. ഒന്നരമാസം മുമ്പു കാണാതായ ആളാണു കൊലപ്പെട്ട അരവിന്ദാക്ഷന്‍ അതിനാല്‍ എന്നാണു കൊലപാതകം നടത്തിയതെന്ന കാര്യം വ്യക്തമല്ല. കസ്റ്റഡിയിലുള്ള മാത്യുവിനെയും സൈമണിനെയും പോലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

തുമ്പാ ഉപയോഗിച്ചു തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണു പോലീസ് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. സൈമണിന്റെ കൊലപാതക വിവരം പോലീസിനോടു വെളിപ്പെടുത്തിയപ്പോള്‍ മുതല്‍ വേസ്റ്റ് കുഴിയ്ക്കു കാവല്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായി മുണ്ടക്കയം പോലീസ് പറഞ്ഞു. ഇന്നു രാവിലെ 11ഓടെ കസ്റ്റഡിയിലുള്ളവരെ സ്ഥലത്ത് എത്തിച്ചശേഷം ജില്ലാ പോലീസ് ചീഫ് എന്‍. രാമചന്ദ്രന്‍, ആര്‍ഡിഒ, പോലീസ് സര്‍ജന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വേയ്‌സ്റ്റ് കൂഴി തുറന്നു പരിശോധിക്കും.

കഴിഞ്ഞ ജൂലൈ 18മുതല്‍ അരവിന്ദാക്ഷനെ കാണാതായിരുന്നു. ഇതിനെതുടര്‍ന്നു അരവിന്ദാക്ഷന്റെ ഭാര്യയും മക്കളും മുഖ്യമന്ത്രിയ്ക്കും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്കിയിരുന്നു. അരവിന്ദന്റെ ഭാര്യ റെജി കാണാതായ 18നു ഉച്ചകഴിഞ്ഞു രണ്ടിനു ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചപ്പോള്‍ തോട്ടത്തിലുണ്ടന്നും ആറുമണിയോടെ വീട്ടിലെത്തുമെന്നു പറഞ്ഞിരുന്നു. രാത്രികാലങ്ങളില്‍ മാത്രം മദ്യപിക്കാറുണ്ടായിരുന്ന അരവിന്ദന്‍ ഫോണ്‍വിളിച്ചപ്പോള്‍ മദ്യലഹരിയിലായിരുന്നതായും റെജി മുമ്പു പോലീസിനോടു വെളിപ്പെടുത്തിയിരുന്നു.

ഫോണ്‍ വിളിക്കുമ്പോള്‍ തോട്ടത്തിലേതെന്നു കരുതുന്ന മറ്റു ചിലരുടെതായ സംസാരങ്ങള്‍ ഫോണിലൂടെ കേള്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നിടു വിളിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ചോഫ് ആയ നിലയിലാവുകയായിരുന്നു. തോട്ടത്തിലെ ഒരു ജോലിക്കാരനമായി മുമ്പു വാക്കു തര്‍ക്കമുണ്ടായിട്ടുളളതായും ഇയാള്‍ അപായപെടുത്തുമോയെന്നു ഭയമുളളതായും അരവിന്ദന്‍ വീട്ടില്‍ പറഞ്ഞിരുന്നു.

രാത്രിയായിട്ടും തിരികെ വീട്ടിലെത്താതിനെ തുടര്‍ന്നു അന്വേഷിച്ചു പോയെങ്കിലും പ്രയോജനമുണ്ടായിട്ടില്ല. തുടര്‍ന്നാണു പോലീസില്‍ പരാതി നല്കിയത്. പോലീസ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ മുണ്ടക്കയം മേഖലയിലെ ടവറുകളാണ് കണ്ടെത്താനായത്.~ഒപ്പം ജോലി ചെയ്തിരുന്നവരോടു വിവരങ്ങള്‍ അന്വേഷിച്ചെങ്കിലും അരവിന്ദ് ജോലിക്കു വന്നില്ലയെന്ന മറുപടിയാണ് അവര്‍ നല്കിയിരുന്നു. കൊലപാതക വിവരമറിഞ്ഞപ്പോള്‍ മുതല്‍ റബര്‍ തോട്ടത്തിലേക്കു ആളുകള്‍ എത്തികൊണ്ടിരിക്കുകയാണ്.

Related posts