മുംബൈ: ഒരു സെല്‍ഫി ഇത്രത്തോളം പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് മഹാരാഷ്ട്രയിലെ ജലവിഭവമന്ത്രി പങ്കജ മുണ്ടെ കരുതിക്കാണില്ല. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള നദിയിലെ ചെളി നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ, അവിടെയെത്തിയ പങ്കജ, വരണ്ടു കിടക്കുന്ന നദിയുടെ പശ്ചാത്തലത്തിലെടുത്ത സെല്‍ഫി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ ഫോട്ടോ വൈറല്‍ ആവുകയും പങ്കജയുടെ നടപടിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു.
ലാത്തൂരിലെ പാവപ്പെട്ട കര്‍ഷകരുടെ അവസ്ഥ മനസിലാക്കുന്നതിനു പകരം അപക്വമായ പ്രവൃത്തിയാണ് പങ്കജയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് പലകോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു. വിമര്‍ശകരുടെ എണ്ണം വര്‍ധിച്ചതോടെ നദിയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നിടത്തു നിന്ന് എന്ന് വ്യക്തമാക്കുന്ന തരത്തില്‍ മറ്റു ചില ചിത്രങ്ങള്‍ കൂടി മന്ത്രി ട്വിറ്ററില്‍ പോസ്റ്റു ചെയ്തു. മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയും നരേന്ദ്ര മോദി മന്ത്രിസഭയില്‍ അംഗവുമായിരുന്ന അന്തരിച്ച ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ മുണ്ടെ.