പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു; എസ്‌ഐ ഉള്‍പ്പെടെ പോലീസുകാര്‍ക്ക് പരിക്ക്

alp-policestationപത്തനംതിട്ട: കൊലപാതകശ്രമക്കേസില്‍ അറസ്റ്റിലായ എംജി യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ പത്തനംതിട്ട പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. കൊലപാതകശ്രമം ഉള്‍പ്പെടെ കുറ്റങ്ങള്‍ ചുമത്തി നേരത്തെ പത്തനംതിട്ട പോലീസ് ചാര്‍ജ് ചെയ്തിരുന്ന കേസിലാണ് എംജി സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനും ഡിവൈഎഫ്‌ഐ ഏരിയാ പ്രസിഡന്റുമായ പ്രമാടം ചരുവില്‍ അനീഷ് കുമാറിനെ ഇന്നലെ രാത്രി പോലീസ് അറസ്റ്റു ചെയ്തത്. അനീഷിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട നഗരസഭ കൗണ്‍സിലറും ഡിവൈഎഫ്‌ഐ നേതാവുമായ വി.ആര്‍. ജോണ്‍സന്റെ നേതൃത്വത്തില്‍ സ്‌റ്റേഷനിലെത്തിയ നാലംഗസംഘമാണ് ആക്രമണം നടത്തിയതെന്നു പോലീസ് പറഞ്ഞു.

ആക്രമണത്തില്‍ പത്തനംതിട്ട പ്രിന്‍സിപ്പല്‍ എസ്‌ഐ പുഷ്പകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ സുരേഷ്, വനിത പോലീസ് ഓഫീസര്‍ അനി തോമസ് എന്നിവര്‍ക്കു പരിക്കേറ്റു. ഇവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്റ്റേഷനിലെത്തിയ നാലംഗ സംഘം ആദ്യ ബഹളം ഉണ്ടാക്കി. കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ള അനീഷിനെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തില്‍ കോടതിയില്‍ ഹാജരാക്കുകയേ നിര്‍വാഹമുള്ളൂവെന്ന് പോലീസ് പറഞ്ഞു.

ഇതില്‍ തൃപ്തരാകാതെ സംഘം എസ്‌ഐയുടെ മൊബൈല്‍ തട്ടിയെറിഞ്ഞു. തുടര്‍ന്ന് സ്റ്റേഷന്‍ കെട്ടിടത്തിനുനേരെ ആക്രമണം നടത്തുകയായിരുന്നു. സ്റ്റേഷന്റെ ജനല്‍ഗ്ലാസുകള്‍ പൊട്ടിച്ചു. ഡിജിറ്റല്‍ കാമറയും എറിഞ്ഞുടച്ചു. ആക്രമണം തടയാന്‍ ശ്രമിച്ച പോലീസ് സംഘത്തെ മര്‍ദിച്ചു. കൂടുതല്‍ പോലീസിനെ വിളിച്ചുവരുത്തിയപ്പോഴേക്കും സംഘം സ്‌റ്റേഷനില്‍ നിന്നു രക്ഷപെട്ടു.

ഇതിനിടെ സ്റ്റേഷനിലെത്തിയ തങ്ങള്‍ക്കുനേരെ പ്രിന്‍സിപ്പല്‍ എസ്‌ഐയും സംഘവും ആക്രമണം നടത്തുകയായിരുന്നുവെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞു. അനീഷിനെതിരെയുള്ള കേസ് ഇന്നു കോടതി പരിഗണിക്കാനിരിക്കുകയാണ്. മുന്‍കൂര്‍ ജാമ്യം തേടിയുള്ള അപേക്ഷയില്‍ കോടതി ഇന്നു വിധി പറയാനിരിക്കെ ഇന്നലെ രാത്രി അറസ്റ്റു ചെയ്തത്  ദുരൂഹമാണെന്നും ഡിവൈഫ്‌ഐ നേതാക്കള്‍ പറഞ്ഞു. അറസ്റ്റിലായ അനീഷിനെ രാത്രിയില്‍ കോടതി റിമാന്‍ഡ് ചെയ്തു. ആക്രമണം നടത്തിയ ഡിവൈഎഫ്‌ഐ സംഘത്തിനുവേണ്ടി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Related posts