പയറ്റിത്തെളിഞ്ഞവര്‍ക്കൊപ്പം മാധ്യമ പ്രവര്‍ത്തകയുടെ കന്നി അങ്കം; വോട്ടര്‍മാരുടെ എണ്ണം 2.25 ലക്ഷം

alp-veenaപത്തനംതിട്ട: ആറന്മുളയില്‍ വോട്ടര്‍മാര്‍ 2.25 ലക്ഷം വരും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള നിയോജകമണ്ഡലമാണിത്. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 2,24,329 വോട്ടര്‍മാര്‍ മണ്ഡലത്തിലുണ്ട്. 2011ലും ഏറ്റവുമധികം വോട്ടര്‍മാര്‍ ആറന്മുളയിലായിരുന്നു. 2010ല്‍ പത്തനംതിട്ട നിയോജകമണ്ഡലം പുനര്‍നിര്‍ണയിക്കപ്പെട്ടപ്പോള്‍ ഭൂരിഭാഗം പ്രദേശങ്ങളും ആറന്മുളയോടു ചേര്‍ത്തപ്പോഴേക്കുമാണ് വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത്.

സിറ്റിംഗ് എംഎല്‍എ കെ. ശിവദാസന്‍ നായരെ കന്നിക്കാരിയും മാധ്യമ പ്രവര്‍ത്തകയുമായ വീണാ ജോര്‍ജിനെ രംഗത്തിറക്കി എല്‍ഡിഎഫ് നേരിടുമ്പോള്‍ വിജയപ്രതീക്ഷയോടെ പ്രസ്റ്റീജ് പോരാട്ടത്തിലാണ് ബിജെപിയിലെ എം.ടി. രമേശ്. പഴയ ആറന്മുള, പത്തനംതിട്ട മണ്ഡലങ്ങളുടെ ചരിത്രം തങ്ങള്‍ക്ക്് അനുകൂലമാണെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു. പരമ്പരാഗത വോട്ടുകളിലും മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളിലും വിശ്വാസമര്‍പ്പിച്ചാണ് അവരുടെ പ്രചാരണം. സിറ്റിംഗ് എംഎല്‍എയെന്ന നിലയില്‍ കെ.ശിവദാസന്‍ നായര്‍ മണ്ഡലത്തില്‍ ചെലുത്തിയ സ്വാധീനവും വോട്ടര്‍മാരുമായുള്ള ബന്ധവുമെല്ലാം മുതല്‍ക്കൂട്ടാകുമെന്നും യുഡിഎഫ് കേന്ദ്രങ്ങള്‍ കരുതുന്നു.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേടിയ ലീഡും പ്രതീക്ഷ നല്‍കുന്നു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ പഞ്ചായത്തുകളില്‍ ഭരണനഷ്ടമുണ്ടായെങ്കിലും യുഡിഎഫിന് 2477 വോട്ടുകളുടെ ലീഡുണ്ടായിരുന്നു. കരയ്ക്കിരുന്ന പോരാട്ടങ്ങള്‍ വീക്ഷിച്ചിരുന്ന മാധ്യമപ്രവര്‍ത്തകയെ തന്നെ പോരാട്ടഭൂവില്‍ ഇറക്കിയ സിപിഎം പ്രതീക്ഷയോടെയാണ് കരുക്കള്‍ നീക്കുന്നത്. പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തിയാല്‍ വിജയം കൈപ്പിടിയിലൊതുക്കാമെന്നാണ് എല്‍ഡിഎഫ് വിശ്വാസം. സജീവ രാഷ്ട്രീയക്കാരിയല്ലെങ്കിലും മാധ്യമ പ്രവര്‍ത്തകയെന്ന നിലയിലുള്ള പരിചയമാണ് വീണാ ജോര്‍ജിന് സിപിഎം നല്‍കുന്ന അംഗീകാരം.

പാര്‍ട്ടി ചിഹ്്‌നത്തില്‍ തന്നെ യുവസ്ഥാനാര്‍ഥിയെ അവതരിപ്പിക്കുകയും ചെയ്തു. വീണയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് തുടക്കത്തിലുണ്ടായിരുന്ന പ്രശ്‌നങ്ങളെല്ലാം കെട്ടടങ്ങിയതായും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.  മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥ, സംസ്ഥാന ഭരണത്തിനെതിരെയുള്ള ആക്ഷേപങ്ങള്‍ എന്നിവ പ്രധാനവിഷയങ്ങളാക്കിയാണ് സ്ഥാനാര്‍ഥിയും പ്രചാരണരംഗത്തുള്ളത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശിനെ രംഗത്തിറക്കിയ ബിജെപി വിജയപ്രതീക്ഷയാണ് വച്ചുപുലര്‍ത്തുന്നത്.  2014 ലോക്‌സഭ, കഴിഞ്ഞ തദ്ദേശസ്ഥാപന വോട്ടെടുപ്പില്‍ മണ്ഡലത്തിലുണ്ടായ വോട്ടുവര്‍ധനയാണ് വിജയപ്രതീക്ഷയ്ക്ക് അടിസ്ഥാനം.

ആറന്മുള വിമാനത്താവളം സമരത്തോടെ പാര്‍ട്ടിയുടെ വളര്‍ച്ച വേഗത്തിലായെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പത്തനംതിട്ട ജില്ലയിലെ ഇതര നിയോജകമണ്ഡലങ്ങളിലും വോട്ടു വര്‍ധിച്ചെങ്കിലും ആറന്മുളയില്‍ ഇരുമുന്നണികളെയും അമ്പരിപ്പിക്കുന്ന വളര്‍ച്ചയാണ് ബിജെപിക്കെന്നാണ് നേതാക്കളുടെ അഭിപ്രായം. ബിഡിജെഎസിന്റെ സ്വാധീനവും ഗുണകാരമാകുമെന്നു പറയുന്നു. എം.ടി. രമേശിനെ സ്ഥാനാര്‍ഥിയാക്കിയതു തന്നെ 2014ലെ ലോക്‌സഭയിലേക്ക് അദ്ദേഹം നേടിയ വോട്ടുകള്‍ ഇനിയും വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മണ്ഡലപരിധിയില്‍ 30,508 വോട്ടുകളാണ ്ബിജെപി നേടിയിരുന്നത്. ആറന്മുളയിലെ വോട്ടുകളില്‍ വിള്ളല്‍ വീഴുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫും ബിജെപിയും. വിള്ളലുകളെ അതിജീവിക്കാനുള്ള കരുത്ത് യുഡിഎഫും അവകാശപ്പെടുന്നു.

Related posts