തിരുവല്ല: തിരുവല്ലയിലെ എക്സൈസ് ഓഫീസുകള്‍ പരാധീനതകള്‍ക്കു നടുവില്‍. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, റേഞ്ച് ഓഫീസുകള്‍, അടിസ്ഥാന ആവശ്യങ്ങളുടെ അപര്യാപ്തതകളും മതിയായ ജീവനക്കാരില്ലാത്തതുമാണ് നിലവിലെ പ്രതിസന്ധികള്‍ക്ക് പ്രധാന കാരണം. സിഐ, രണ്ട് പ്രിവന്റീവ് ഓഫീസര്‍മാര്‍, അഞ്ച് സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍, ഡ്രൈവര്‍ ഇതാണ് ഇപ്പോഴത്തെ ആകെ അംഗബലം. താലൂക്കിലെ മുഴുവന്‍ പ്രദേശത്തും ഓടിയെത്താന്‍ ഇത്രയും ജീവനക്കാര്‍ മതിയാകുന്നില്ല. അപ്പര്‍കുട്ടനാട് ഉള്‍പ്പെടെ വിശാലമായ പ്രദേശത്ത് ഇത്രയും ജീവനക്കാരെ കൊണ്ട് പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ഉേദ്യാഗസ്ഥര്‍ പറയുന്നു.
ആറു വര്‍ഷം മുമ്പുവരെ എക്സൈസ് ഇന്‍സ്പെക്ടര്‍ തസ്തിക ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ആ തസ്തികയും നിലവിലില്ല. ിഐ ഓഫീസില്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ചാലേ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കഴിയൂ. റേഞ്ച് ഓഫീസിന്റെ കാര്യമാണ് ഏറെ കഷ്ടം. ഇഴജന്തുക്കളെ ഭയന്നാണ് ജീവനക്കാര്‍ ജോലിയെടുക്കുന്നത്. തൊണ്ടിമുതല്‍ സൂക്ഷിച്ചിരിക്കുന്ന മുറിയില്‍ രണ്ടാഴ്ച മുമ്പ് പാമ്പിനെ കണ്ടു. കറ്റോട് വാടക കെട്ടിടത്തിലാണ് റേഞ്ച് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പ്രാഥമികാവശ്യങ്ങള്‍ നടത്താന്‍ പോലും സൗകര്യമില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ശുദ്ധജലവും പലപ്പോഴും ഇവിടെ ലഭ്യമല്ല. സമീപ കിണറുകളില്‍ നിന്നും വെള്ളം കോരി കൊണ്ടു വരേണ്ട ഗതികേടാണ് ജീവനക്കാര്‍ക്കുള്ളത്.
തൊണ്ടിമുതല്‍ സൂക്ഷിക്കാന്‍ പോലും മതിയായ സ്ഥലമില്ല. പുളിക്കീഴ് പഞ്ചസാര ഫാക്ടറിക്കു സമീപം എക്സൈസ് കോംപ്ലക്സ് നിര്‍മാണത്തിനായി 1.25 ഏക്കര്‍ മാസങ്ങള്‍ക്കു മുമ്പ് അളന്നു തിരിച്ചെന്ന് ജീവനക്കാര്‍ പറയുന്നു. എന്നാല്‍, തുടര്‍നടപടികളുടെ ‘വീര്യം’ ചോര്‍ന്ന സ്ഥിതിയാണ്. റേഞ്ച് ഓഫീസിലും ജീവനക്കാര്‍ വേണ്ടത്രയില്ല. റേഞ്ച് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ 22 പേരാണുള്ളത്. ഇതിന്റെ ഇരട്ടി ജീവനക്കാര്‍ ഉണ്ടെങ്കിലേ പ്രവര്‍ത്തനം ശരിയായ രീതിയില്‍ കൊണ്ടുപോകാന്‍ കഴിയൂ എന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
നാല് പ്രിവന്റീവ് ഓഫീസര്‍മാരും 16 സിവില്‍ എക്സൈസ് ഓഫിസര്‍മാരുമുണ്ട്. ഓഫീസിലെ ഒരേ ഒരു ഡ്രൈവര്‍ 24 മണിക്കൂറും ഡ്യൂട്ടി ചെയ്യേണ്ട അവസ്ഥയിലാണ്. 16 സിവില്‍ എക്സൈസ് ഓഫീസര്‍മാരില്‍ രണ്ടു പേര് ദിവസവും കോടതി ഡ്യൂട്ടിക്ക് പോകേണ്ടതായി വരും. കെമിക്കല്‍ ലാബിലേക്ക് സാംപിളുമായി ഒരാള്‍ പോകും. ഈ സമയങ്ങളില്‍ ജീവനക്കാരുടെ കുറവ് നേരിടുന്നത് ഓഫീസ് പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.
തിരുവല്ല താലൂക്ക് പ്രദേശം മുഴുവന്‍ ഓടാന്‍ പഴക്കം ചെന്ന ഒരു വാഹനമാണ് റേഞ്ചിലുമുള്ളത്. തിരുവല്ല, പുളിക്കീഴ്, കോയിപ്രം പോലീസ് സ്റ്റേഷന് പരിധിയും റേഞ്ച് ഓഫിസിനു കീഴിലാണ്. മദ്യം, മയക്കുമരുന്ന് മാഫിയ സംഘങ്ങള്‍ വിഹരിക്കുന്ന താലൂക്ക് പ്രദേശത്ത് പരിശോധനയ്ക്കും മറ്റുമായി പോകാന്‍ മതിയായ വാഹനങ്ങളും ജീവനക്കാരും ഇല്ലാതെ എന്തു ചെയ്യുമെന്ന ആധിയിലാണ് ഉ േദ്യാഗസ്ഥര്‍.