പരിയാരം: കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടന്നിരുന്നെങ്കില്‍ 200 ഏക്കര്‍ ഔഷധവനം കേരളത്തിന്റെ മാത്രം സ്വന്തമായി മാറുമായിരുന്നു. എന്നാല്‍ കോടികള്‍ ഉണക്കിക്കളഞ്ഞ മണ്ണില്‍ ഇപ്പോഴും പുല്ലുകള്‍ മാത്രം. കാല് നൂറ്റാണ്ട് മുമ്പ് 1991 ല്‍ പരിയാരം ടിബി സാനിറ്റോറിയത്തിന്റെ സ്ഥലത്ത് സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ ഔഷധി ആരംഭിച്ച ഔഷധ തോട്ടത്തിന്റെ ഇന്നത്തെ അവസ്ഥയാണിത്.
ദേശീയപാതയോരത്ത് നിന്നാരംഭിക്കുന്ന തോട്ടം പരിചരിക്കാന്‍ ആരുമില്ലാത്ത കെടുകാര്യസ്ഥത മൂലം നശിച്ചുകഴിഞ്ഞു. പരിയാരം ആയുര്‍വേദ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് ആയുര്‍വേദത്തിലെ എല്ലാ ഔഷധങ്ങളേയും കുറിച്ച് തിരിച്ചറിവ് നല്‍കാനും ഔഷധിക്ക് ആവശ്യമായ എല്ലാ ഔഷധ സസ്യങ്ങളും നട്ടുവളര്‍ത്താനുമാണ് പരിയാരത്ത് തോട്ടം തുടങ്ങിയത്.
തുടക്കത്തില്‍ ഗംഭീരമായി നടന്ന ഔഷധതോട്ട നിര്‍മാണം പിന്നീട് നിലച്ചു. 2000 ല്‍ നടന്ന രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളില്‍ 80 ഏക്കര്‍ സ്ഥലം മൂന്ന് പ്ലോട്ടുകളായി തിരിച്ച് 22 ഇനം ഔഷധ സസ്യങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ ആരംഭിച്ചെങ്കിലും ജലദൗര്‍ലഭ്യം വില്ലനായി. പരിയാരത്തെ വരണ്ട മണ്ണില്‍ നല്ലതോതില്‍ ജലസേചനം നടത്തിയാല്‍ മാത്രമേ സസ്യങ്ങള്‍ വളര്‍ന്നുവരൂ എന്ന് മനസിലാക്കി ജലസേചനാവശ്യത്തിന് കിണറുകളും നിര്‍മിച്ചു.
ആദ്യവര്‍ഷത്തില്‍ ചെടികളെ പരിചരിക്കാന്‍ നിയോഗിച്ച തൊഴിലാളികളെ രണ്ടാം വര്‍ഷത്തില്‍ പിരിച്ചുവിട്ടതോടെ ഈ പദ്ധതിയുടേയും കഥ കഴിഞ്ഞു. ഇതിനിടയില്‍ തോട്ടം നിര്‍മാണത്തിന് നിയോഗിച്ച സ്ഥിരം തൊഴിലാളികളെ സ്ഥലംമാറ്റുകയും ചെയ്തു. ഇടയ്ക്കിടെ പരിയാരം പ്രദേശത്തുണ്ടായ കാട്ടുതീയില്‍ ഏറിയപങ്ക് ചെടികളും കരിഞ്ഞുണങ്ങുകയും ചെയ്തു.