പത്തനംതിട്ട: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതിലോല മേഖലയിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ചിട്ടില്ലെന്നുള്ള വനം മന്ത്രി കെ. രാജുവിന്റെ പ്രസ്താവന പച്ചക്കള്ളമാണെന്ന് ആന്റോ ആന്റണി എംപി. 2016 ഓഗസ്റ്റ് 31 ന് അപ്പീല്‍ നമ്പര്‍ – 1052/2016 ആയി ഗവണ്മെന്റ് ചീഫ് സെക്രട്ടറിക്ക് വേണ്ടി ഹൈക്കോടതിയില്‍ മെമ്മോറാണ്ടം സമര്‍പ്പിക്കുകയും അതില്‍ 123 വില്ലേജുകളും പരിസ്ഥിതി ലോലമാണെന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുകയുമാണ് ചെയ്തിരിക്കുന്നത്.
123 വില്ലേജുകള്‍ പരിസ്ഥിതി ലോലമല്ലെന്ന വാദം നിയമപരമായും വസ്തുതാപരമായും നിലനില്‍ക്കുന്നതല്ലെന്നാണ് ഗവണ്മെന്റ് നിലപാടായി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. യുപിഎ ഗവണ്മെന്റിന്റെ കാലത്തുതന്നെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള വിജ്ഞാപനം മരവിപ്പിക്കുകയും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ച ഉമ്മന്‍ വി. ഉമ്മന്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 123 വില്ലേജുകളെയും ഒഴിവാക്കിയുള്ള പുതിയ ഡ്രാഫ്റ്റ് നോട്ടിഫിക്കേഷന്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കുകയും ചെയ്തു. ഇപ്പോള്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാര്‍ ഈ ഡ്രാഫ്റ്റ് നോട്ടിഫിക്കേഷന്‍ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു.
എന്നാല്‍ ഡ്രാഫ്റ്റ് നോട്ടിഫിക്കേഷന്‍ വെറും ഡ്രാഫ്റ്റ് മാത്രമാണെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 123 വില്ലേജുകള്‍ പരിസ്ഥിതി ലോലമാണെന്നുമാണ് സംസ്ഥാന ഗവണ്മെന്റ് അസന്നിഗ്ധമായി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
വനവുമായി അതിര്‍ഥി പങ്കിടാത്ത, ഒരു കാരണവശാലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ വരാന്‍ പാടില്ലായിരുന്ന തീക്കോയി, പൂഞ്ഞാര്‍, കൂട്ടിക്കല്‍, മേലുകാവ് വില്ലേജുകളെ ഇതിന്‍പ്രകാരം ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂല പ്രകാരം ഈ വില്ലേജുകളും പരിസ്ഥിതി ലോലമാണെന്നാണ് പറഞ്ഞിരിക്കുന്നത്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് വാദിക്കുന്ന പരിസ്ഥിതി സംഘടനകള്‍ അടക്കമുള്ളവര്‍ക്ക സര്‍ക്കാര്‍ കൊടുത്ത ഏറ്റവും വലിയ ആയുധമാണ് റിപ്പോര്‍ട്ടെന്ന് ആന്റോ ആന്റണി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ ഔദ്യോഗിക രേഖയായി കോടതിയില്‍ സമര്‍പ്പിച്ച ഈ മെമ്മോറാണ്ടം കേരളത്തിലെ കര്‍ഷക താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഉപയോഗിക്കുന്ന ഒന്നായി മാറും.കേരള സര്‍ക്കാരിന്റെ ഔദ്യോഗി ക നിലപാടായി കോടതിയില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് അനുകൂലമായി നിലപാട് എടുത്തതിനു ശേഷം പച്ചക്കള്ളം പസ്യമായി വിളിച്ചുപറയുന്ന വനംമന്ത്രിക്കെതിരെ നടപടിയെടുക്കണമെന്ന് ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു.