കൊല്ലങ്കോട്: തേക്കടിയില്‍നിന്നും ചെമ്മണാംപതിയിലേക്ക് മലമ്പാതയിലൂടെ ട്രക്ക്പാത്ത് നിര്‍മിക്കുന്നതിനുള്ള ആലോചനയോഗം എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് കെ.ബാബു എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരും. തേക്കടികോളനിയില് ചേരുന്ന യോഗത്തില്‍ പറമ്പിക്കുളം, നെന്മാറ ഡിഎഫ്ഒമാരായ അരുണ്‍കുമാര്‍, ശശികുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ, തേക്കടികോളനി പഞ്ചായത്തംഗം ശ്രീധരന്, കോളനി പ്രതിനിധികളായ ചന്ദ്രന്, ചന്ദ്രിക, കുഞ്ചന്‍ എന്നിവരും പങ്കെടുക്കും.
തേക്കടികോളനിയില്നിന്നും ഒരുകിലോമീറ്റര്‍ താഴ്ചയുള്ള മലമ്പാതവഴി ട്രക്ക്പാത്ത് വേണമെന്നതാണ് നാലുകോളനികളിലെ താമസക്കാര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ച ഈയാവശ്യം ഉന്നയിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെ അമ്പതോളംപേര്‍ ചെമ്മണാംപതിയില്‍ കുത്തിയിരിപ്പു സമരം നടത്തിയിരുന്നു.തുടര്‍ന്ന് സ്ഥലത്തെത്തിയ നെന്മാറ ഡിഎഫ്ഒ ശശികുമാര്‍ കോളനിവാസികളുടെ ആവശ്യത്തിന് അനുഭാവം അറിയിക്കുകയും തുടര്‍ന്നു ചര്‍ച്ചനടത്തുമെന്നും അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കെ.ബാബു എംഎല്‍എ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്.
ഇക്കഴിഞ്ഞദിവസം വനംവകുപ്പ് അധികൃതര്‍ തേക്കടിയില്‍നിന്നും മലയിറങ്ങി മലമ്പാതയിലൂടെ നടന്ന് റോഡ് നിര്‍മാണത്തിനായി സര്‍വേ നടത്തിയിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി കോളനിവാസികള്‍ ചെമ്മണാംപതിയിലേക്ക് റോഡുവേണമെന്ന് ആവശ്യം പതിവായി ഉന്നയിക്കുകയാണ്. എന്നാല്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് ഇതു നിരാകരിക്കുന്നതിനാല്‍ പ്രത്യക്ഷസമരത്തിന് രൂപംനല്‍കിയിരിക്കുകയാണ്. എട്ടിന് നടക്കുന്ന ചര്‍ച്ച വിഫലമായാല്‍ കൂടുതല്‍പേരെ പങ്കെടുപ്പിച്ച് കാടുവെട്ടിത്തെളിച്ച് റോഡുനിര്‍മാണം നടത്തുമെന്ന് കോളനിനിവാസികളുടെ പ്രതിനിധി മുന്നറിയിപ്പുനല്‍കി.