കണ്ണൂര്‍: കെപിസിസി ജനറല്‍ സെക്രട്ടറിയായ സതീശന്‍ പാച്ചേനി ഐ ഗ്രൂപ്പില്‍ ചേര്‍ന്നത് എഗ്രൂപ്പിനെ ഒരുതരത്തിലും ബാധിക്കില്ലെന്നു പി. രാമകൃഷ്ണന്‍. കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളുണ്ട്. ഗ്രൂപ്പില്‍ നേതാക്കളും പ്രവര്‍ത്തകരും വരികയും പോവുകയും ചെയ്യും. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള എ ഗ്രൂപ്പില്‍നിന്നു ഒരാള്‍ വിട്ടുപോകുന്നതുകൊണ്ടു ഗ്രൂപ്പ് തകരാനൊന്നും പോകുന്നില്ല-പിആര്‍ പറഞ്ഞു.
സുധാകരന്‍ ഉദുമയില്‍ മത്സരിക്കുന്നത് നല്ല കാര്യമാണ്. അദ്ദേഹത്തെ അഭിനന്ദിക്കുന്നു. സിപിഎം പതിവായി ജയിച്ചുവരുന്ന മണ്ഡലത്തില്‍ പൊരിഞ്ഞ പോരാട്ടം നടത്താനും പ്രവര്‍ത്തകര്‍ക്ക് ആവേശം കൊടുക്കാനും സുധാകരന്റെ സ്ഥാനാര്‍ഥിത്വം സഹായകമാകും. എ.പി. അബ്ദുള്ളക്കുട്ടി തലശേരിയില്‍ ഒന്നാംതരം സ്ഥാനാര്‍ഥിയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കിട്ടിയ അഞ്ചു സീറ്റും ഇത്തവണയും ലഭിക്കും. തലശേരിയിലും മട്ടന്നൂരും വലിയ പ്രതീക്ഷയുണ്ടെന്നും കെപിസിസി ജനറല്‍ സെക്രട്ടറിയായ രാമകൃഷ്ണന്‍ രാഷ്ട്രദീപികയോട് സംസാരിക്കവെ പറഞ്ഞു.
ജയസാധ്യത ഇല്ലാത്ത കല്യാശേരി മണ്ഡലത്തില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിന്റെ പ്രമുഖനേതാവായിരുന്ന മുന്‍ മന്ത്രി എന്‍. രാമകൃഷ്ണന്റെ മകള്‍ അമൃതയെ പറഞ്ഞയച്ചതില്‍ ശരിക്കും ദുഖമുണ്ട്. യഥാര്‍ഥത്തില്‍ ഇത് സ്ത്രീപീഡനമാണ്. സിപിഎമ്മിന്റെ പരിഹാസവും പീഡനവും അവര്‍ക്കവിടെ വലിയ തോതില്‍ നേരിടേണ്ടിവരും. എന്തുകൊണ്ട് ജയസാധ്യതയുള്ള ഒരു സീറ്റ് അവര്‍ക്ക് നല്‍കിക്കൂടാ. ജയിച്ച് വരാന്‍ ചില ആളുകളും തോല്‍ക്കാല്‍ മറ്റുചിലരുമെന്ന രീതി മാറണം. യുഡിഎഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച തന്റെ എല്ലാ അഭിപ്രായങ്ങളും കെപിസിസിയില്‍ പറഞ്ഞിട്ടുണ്ടെന്നും പിആര്‍ പറഞ്ഞു.