കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായി തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ രണ്ടുദിവസത്തിനകം ഡിസ്ചാര്‍ജ് ചെയ്യാമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. നിലവില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് ഇന്നലെ ലഭിച്ചു.
നാലുതവണ ആന്‍ജിയോ പ്ലാസ്റ്റിന് വിധേയനായ ജയരാജന് ആവശ്യമുള്ളപ്പോള്‍ ഹൃദ് രോഗ വിദഗ്ധന്റെ സേവനം ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ശ്രീചിത്രയിലേയും മെഡിക്കല്‍ കോളജിലെയും വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന ഒന്‍പതംഗ സംഘമാണ് ജയരാജനെ പരിശോധിച്ചത്.
ജയരാജനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹര്‍ജി തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാലിന് പരിഗണിക്കും. ശ്രീചിത്രയില്‍നിന്നു ലഭിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് ജയില്‍സൂപ്രണ്ട് കോടതിയില്‍ ഹാജരാക്കും.