കാസര്‍ഗോഡ്: മുള്ളേരിയ കിന്നിംഗാറിലെ ഫായിസ (23)യുടേത് ആത്മഹത്യയെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കേസന്വേഷിക്കുന്ന കാസര്‍ഗോഡ് ഡിവൈഎസ്പി എം.വി. സുകുമാരന്‍ പോലീസ് സര്‍ജനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മരണം ആത്മഹത്യയാണെന്നു വ്യക്തമായത്.ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ടും പോലീസിനു കൈമാറി. ഫായിസ തൂങ്ങിമരിക്കുന്നതിനിടെയായിയിരിക്കാം അഞ്ചുമാസം വളര്‍ച്ചയുള്ള ഗര്‍ഭസ്ഥ ശിശു മരിച്ചതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. മരിക്കുന്നതിന് മുമ്പ് മര്‍ദനമേറ്റ പാടുകളൊന്നും ഫായിസയുടെ ദേഹത്തു കണ്ടെത്താനും കഴിഞ്ഞിട്ടില്ല.
വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വീട്ടുകാര്‍ക്കെതിരെ പ്രേരണാകുറ്റവും ചുമത്തി. ഭര്‍ത്താവ് കമ്പാര്‍ ലക്ഷംവീട് കോളനിക്ക് സമീപത്തെ സാദിഖിനെ (30) നേരത്തെ കാസര്‍ഗോഡ് പ്രിന്‍സിപ്പല്‍ എസ്ഐ രഞ്ജിത്ത് രവീന്ദ്രന് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു ശേഷം ഡിവൈഎസ്പി കേസ് ഏറ്റെടുക്കുകയും ഭര്‍തൃമാതാവിനെയും സഹോദരിമാരെയും ചോദ്യം ചെയ്യുകയുമായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ കേസിലെ പ്രതികളായ സാദിഖിന്റെ മാതാവ് ആസ്യുമ്മ (45), സാദിഖിന്റെ സഹോദരങ്ങളായ റുബീന (30), സുനീനത്ത് (27) എന്നിവര്‍ കുടുംബസമേതം വീടു പൂട്ടി അജ്ഞാത കേന്ദ്രത്തിലേക്കു മാറി. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഭര്‍തൃവീട്ടില്‍ ഫായിസയ്ക്ക് കടുത്ത മാനസികവും ശാരീരികവുമായ പീഡനം ഏല്‍ക്കേണ്ടി വന്നിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഭര്‍ത്താവിനെതിരെ പീഡനക്കുറ്റം ആരോപിച്ച് ഫായിസ നല്കിയ കേസ് കോടതിയില്‍ നിലവിലുണ്ടായിരുന്നു. സ്വന്തം വീട്ടിലായിരുന്ന ഫായിസയെ വീണ്ടും അനുനയിപ്പിച്ച് ഭര്‍തൃവീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയും ശേഷവും പീഡനം തുടര്‍ന്നതിനാലാണ് സഹിക്കവയ്യാതെ ഫായിസ കടുംകൈ ചെയ്തതെന്നാണു പോലീസ് പറയുന്നത്. അഞ്ചുമാസം ഗര്‍ഭിണിയാണെന്നുള്ള പരിഗണന പോലും നല്‍കാതെ യുവതിയെ പീഡിപ്പിച്ച ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പോലീസ് ചുമത്തിയിട്ടുള്ളത്.