കളര്‍ സിടി സ്കാനറില്‍ ബാഗേജ് സ്ക്രീനിംഗ് ഒരുക്കി സിയാല്‍

bis-cochin-airportകൊച്ചി: കളര്‍ സിടി സ്കാനര്‍ ഉപയോഗിച്ചു രണ്ടാം ഘട്ട ബാഗേജ് സ്ക്രീനിംഗ് നടത്തുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമെന്ന പ്രത്യേകത കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (സിയാല്‍) സ്വന്തമാക്കുന്നു. നിര്‍മാണം പൂര്‍ത്തിയാവുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലിലൂടെ സിയാല്‍ നടപ്പാക്കുന്നതു സുരക്ഷാ പരിശോധനാ മേഖലയില്‍ ശ്രദ്ധേയമായ ചുവടുവയ്പാണ്.

ന്യൂസിലന്‍ഡ് കമ്പനിയുടെ സഹകരണത്തോടെയാണു ആധുനിക ഇന്‍ലൈന്‍ ബാഗേജ് ഹാന്‍ഡ്‌ലിംഗ് സംവിധാനം സ്ഥാപിച്ചിട്ടുള്ളത്. യാത്രക്കാരുടെ ബാഗേജിന്റെ ത്രിമാന കളര്‍ ദൃശ്യങ്ങളും ബാഗിനുള്ളിലെ ജൈവ, അജൈവ വസ്തുക്കളും വ്യക്തമായി മനസിലാക്കാന്‍ പുതിയ സംവിധാനത്തിലൂടെ കഴിയും. നൂറൂ കോടിയോളം രൂപ ചെലവിട്ടാണു ന്യൂസിലന്‍ഡ് കമ്പനിയായ ഗ്ലൈഡ്പാത്ത് ഇതു സ്ഥാപിച്ചിട്ടുള്ളത്. 84 ചെക്ക് ഇന്‍ കൗണ്ടറുകള്‍ ഇതിന്റെ ഭാഗമായുണ്ടാകും. മണിക്കൂറില്‍ 6,000 ബാഗേജുകളുടെ പരിശോധന ഇതിലൂടെ സാധ്യമാവും.

1,100 കോടി രൂപ മുടക്കി നിര്‍മിച്ചിക്കുന്ന മൂന്നാം ടെര്‍മിനലിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. അന്താരാഷ്ട്ര സര്‍വീസുകളാണ് ഇവിടെ നിന്നുണ്ടാവുക.നിലവിലുള്ള ആഭ്യന്തര ടെര്‍മിനലിനു കിഴക്കുഭാഗത്താണു പുതിയ ടെര്‍മിനല്‍. ഇതു പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായാല്‍ നിലവിലുള്ള അന്താരാഷ്ട്ര ടെര്‍മിനലില്‍ ആഭ്യന്തര സര്‍വീസുകളാകും കൈകാര്യം ചെയ്യുക.

Related posts