പുതിയ റബര്‍ ഇനം വികസിപ്പിച്ചെടുത്തു; വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൃഷി ചെയ്യാന്‍ അനുയോജ്യം

ktm-rubberജോമി കുര്യാക്കോസ്

കോട്ടയം: തണുപ്പ് കൂടുതലുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൃഷി ചെയ്യാവുന്ന പുതിയ  റബര്‍ ഇനം റബര്‍ റിസേര്‍ച്ച് ഇന്റസ്റ്റിറ്റിയൂട്ട് വികസിപ്പിച്ചെടുത്തു. ആര്‍ആര്‍ഐഐ 208 എന്നു പേരിട്ടിരിക്കുന്ന റബറിനം 17നു ഗുവാഹത്തിയില്‍ പുറത്തിറക്കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ കൃഷി വികസിപ്പി ക്കുന്നതിന്റെ ഭാഗ മായാണു പുതിയ ഇനം പുറത്തിറക്കുന്നത്. തണുപ്പിനെ പ്രതിരോധിക്കാന്‍ കഴിവുന്ന ക്ലോണുകളാണു പുറത്തിറക്കുന്നതെന്ന് റബര്‍ ബോര്‍ഡ് റിസേര്‍ച്ച് വിഭാഗം വെളിപ്പെടുത്തി.

അരുണാചല്‍ പ്രദേശ്, ആസം, മണിപ്പൂര്‍, മേഖാലയ, മിസോറം, നാഗാലാന്‍ഡ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ റബര്‍ കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണു പുതിയക്ലോണിന്റെ പിറവി. തണുപ്പിന്റെ പ്രതിരോധിക്കുന്നതിനൊപ്പം ശക്തമായ മഴയില്‍നിന്നും മരങ്ങള്‍ക്ക് സുരക്ഷ ലഭിക്കുന്ന തരത്തിലുള്ള ക്ലോണാണ് ആര്‍ആര്‍ഐഐ 208. തണുത്ത കാലാവസ്ഥയില്‍ രോഗപിടിപെടാതിരിക്കുക, ഉയര്‍ന്ന ഉല്‍പാദനം എന്നിവ ആര്‍ആര്‍ഐഐ 208ല്‍നിന്നും പ്രതീക്ഷിക്കുന്നു.

നീണ്ടവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണു ആര്‍ആര്‍ഐഐ 208 പുറത്തിറക്കുന്നത്. ലോകത്ത് ആദ്യമായാണു ഇത്തരത്തിലുള്ള ക്ലോണ് വികസിപ്പിച്ചെടുക്കുന്നതെന്നും ഉയര്‍ന്ന ഉല്‍പാദനവും ആയുസും ലഭിക്കുമെന്നും റബര്‍ റിസേര്‍ച്ച് വിഭാഗം വ്യക്തമാക്കി.   ചൂട് കൂടുതലുള്ള സ്ഥലങ്ങളില്‍ കൃഷി ചെയ്യാവുന്ന റബര്‍ ഇനവും ഉടന്‍ പുറത്തിറക്കുമെന്ന് റബര്‍ ബോര്‍ഡ് പറയുന്നു. രാജ്യത്ത് കാലാവസ്ഥയിലുണ്ടായ മാറ്റമാണു വ്യത്യസ്ത കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന റബര്‍ ഇനങ്ങള്‍ പുറത്തിറക്കാനും പുതിയ ക്ലോണുകള്‍ വികസിപ്പിക്കാനും റബര്‍ ബോര്‍ഡിനെ പ്രേരിപ്പിക്കുന്നതെന്നു റബര്‍ ബോര്‍ഡ് റിസേര്‍ച്ച് വിഭാഗം പറയുന്നു.

ഗുവാഹത്തിയില്‍ നടക്കുന്ന അസോസിയേഷന്‍ ഓഫ് നാച്ചുറല്‍ റബര്‍ പൊഡ്യൂസിംഗ് കണ്‍ട്രീസ്(എഎന്‍ആര്‍പിസി)യുടെ ഒമ്പതാമത് രാജ്യാന്തര റബര്‍ കോണ്‍ഫറന്‍സില്‍ ഇന്ത്യന്‍ റബര്‍ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത പുതിയ റബറിനം പുറത്തിറക്കും. കേന്ദ്രവാണിജ്യ-വ്യവസായ മന്ത്രി നിര്‍മ്മല സീതാരാമന്‍ അസം കൃഷി മന്ത്രി അതുല്‍ ബോറയ്ക്ക് കൈമാറ്റം ചെയ്തുകൊണ്ടാണു റബര്‍ രാജ്യത്തിനു സമര്‍പ്പിക്കുന്നത്.

Related posts