പുതിയ റേഷന്‍കാര്‍ഡ് വിതരണ നടപടികള്‍ അനിശ്ചിതത്വത്തില്‍

PKD-RATIONതൊടുപുഴ: പ്രാഥമിക പരിശോധനയുടെ ആദ്യഘട്ടവും തെറ്റുതിരുത്തലുകളും പൂര്‍ത്തിയായെങ്കിലും പുതിയ റേഷന്‍കാര്‍ഡ് വിതരണ നടപടികള്‍ അനിശ്ചിതത്വത്തില്‍.പഞ്ചായത്ത് തലത്തില്‍ കരട് പട്ടിക പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങള്‍ സ്വീകരിക്കാത്തതാണ് റേഷന്‍കാര്‍ഡ് വിതരണ നടപടികള്‍ വെകിപ്പിക്കുന്നത്. തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നപ്പോള്‍ നിര്‍ത്തിവച്ച കരട് പട്ടിക തിരുത്തല്‍ നടപടികള്‍ പുതിയ സര്‍ക്കാര്‍ വന്നതിനുശേഷവും പുനരാരംഭിക്കാന്‍ ഉത്തരവായിട്ടില്ല. ജില്ലയില്‍ അഞ്ചു ലക്ഷത്തില്‍പരം പുതിയ കാര്‍ഡുകളാണ് തയാറാക്കി വിതരണം ചെയ്യാനുള്ളത്.

അപേക്ഷാഫാറം പൂരിപ്പിക്കലും ഫോട്ടോയെടുക്കലും രണ്ടു വര്‍ഷം മുന്‍പ് തുടങ്ങിവച്ചെങ്കിലും കുത്തഴിഞ്ഞ അവസ്ഥയില്‍തന്നെയാണ് ഇപ്പോഴും നടപടികള്‍. പഞ്ചായത്ത് തലത്തില്‍ പ്രസിദ്ധീകരിക്കുന്ന കരട് റേഷന്‍കാര്‍ഡ് പട്ടികയിലെ പിശകുകള്‍ തിരുത്താനും ആക്ഷേപം കേള്‍ക്കുന്നതിനും റേഷനിംഗ് ഇന്‍സ്‌പെക്ടര്‍, വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്നിവര്‍ അടങ്ങിയ സമിതിക്കും സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്.ഈ സമിതിക്ക് മുന്‍പാകെ ലഭിക്കുന്ന പരാതികളില്‍ സൂക്ഷ്മ പരിശോധന നടത്തിയതിനുശേഷം മാത്രമേ അന്തിമ റേഷന്‍കാര്‍ഡ് പട്ടിക പ്രസിദ്ധപ്പെടുത്തൂ.

യുദ്ധകാലാടിസ്ഥാനത്തില്‍ തുടങ്ങിവച്ച റേഷന്‍കാര്‍ഡ് പുതുക്കല്‍ എന്നു പൂര്‍ത്തിയാകുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പിനും വ്യക്തതയില്ല. നിലവിലുണ്ടായിരുന്ന കാര്‍ഡുടമകളായ പുരുഷന്മാരെ ഒഴിവാക്കി കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീയെ കാര്‍ഡ് ഉടമയാക്കല്‍, ദേശസാല്‍കൃത ബാങ്കിന്റെ അക്കൗണ്ടുമായി ബന്ധപ്പെടുത്തല്‍, ആധാര്‍/എന്‍പിആര്‍ നമ്പരുകള്‍ ഉള്‍പ്പെടുത്തല്‍, പ്രയോറിറ്റി/ നോണ്‍ പ്രയോറിറ്റി കാറ്റഗറിയിലേക്ക് തരംതിരിക്കല്‍ തുടങ്ങിയ പ്രക്രിയകള്‍ക്കായി ഒരു വര്‍ഷത്തിലധികമാണു സിവില്‍ സപ്ലൈസ് വകുപ്പ് എടുത്തത്. എപിഎല്‍, ബിപിഎല്‍ തരംതിരിവുകള്‍ വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.

ആയിരം ചതുരശ്ര അടി വീട്, സ്വന്തമായി വാഹനങ്ങള്‍, ഇതര വരുമാന മാര്‍ഗങ്ങള്‍ ഉള്ളവര്‍ക്കും ബിപിഎല്‍ കാര്‍ഡിന് അര്‍ഹതയുണ്ടാവില്ല. കാന്‍സര്‍ രോഗികള്‍, കിഡ്‌നി, കരള്‍ സംബന്ധമായ അസുഖമുള്ളവര്‍, ഡയാലിസിസ് രോഗികള്‍ എന്നിവര്‍ക്ക് ബിപിഎല്‍ കാര്‍ഡുകള്‍ അനുവദിക്കേണ്ടതു ജില്ലാ കളക്ടറാണ്. ഈ നടപടികള്‍ ഉടനെയൊന്നും പൂര്‍ത്തിയാകില്ലെന്നാണ് സൂചന.

Related posts