പുഴയോരം കയ്യേറി മതില്‍ നിര്‍മിക്കുന്നതായി പരാതി

kkd-mathilപേരാമ്പ്ര:  ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് രണ്ടില്‍ പെട്ട ചെമ്പനോട ചവറംമൂഴി മേഖലയില്‍ സര്‍ക്കാര്‍ അധീനതയിലുള്ള പുഴ പുറമ്പോക്കു ഭൂമി മതില്‍ കെട്ടി കൃഷി സ്ഥലത്തിന്റെ ഭാഗമാക്കാന്‍ സ്വകാര്യ വ്യക്തി ശ്രമിക്കുന്നതായി പരാതി. സിപിഎം പന്നിക്കോട്ടൂര്‍ ബ്രാഞ്ച് സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍ ഇത് സംബന്ധിച്ചു ചെമ്പനോട വില്ലേജ് ഓഫീസര്‍, ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്കു രേഖാമൂലം പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരു വകുപ്പുദ്യോഗസ്ഥരും സ്ഥലം പരിശോധിച്ചു. തുടര്‍ന്ന് മതില്‍ നിര്‍മ്മാണം നിര്‍ത്തിവയ്ക്കുന്നതിനു റവന്യു വകുപ്പു സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ട്.

ഏകദേശം 400 മീറ്റര്‍ ദൈര്‍ഘ്യത്തിലും രണ്ടര മീറ്റര്‍ ഉയരത്തിലും പുഴ പുറമ്പോക്ക് ഭൂമി ഇവിടെ മതില്‍ കെട്ടി കൃഷി ഭൂമിയോട് ചേര്‍ത്തു കഴിഞ്ഞതായി പരാതിക്കാരനായ കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. ഇത് മേഖലയില്‍ പാരിസ്ഥിതിക പ്രശ്‌നത്തിനിടയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേ സമയം തങ്ങളുടേ 30 ഏക്കര്‍ കുടുംബ സ്വത്തിന്റെ ഭാഗമാണ് ഈ കൃഷിസ്ഥലമെന്ന് ഉടമസ്ഥ സഹോദരങ്ങളിലൊരാളായ ആലക്കല്‍ മാത്യു ജോസഫ് പറഞ്ഞു. സ്ഥലത്തിന്റെ തെക്കുഭാഗം കടന്തറ പുഴയും പടിഞ്ഞാറ് കുറ്റിയാടി പുഴയും അതിര്‍ത്തിയാണ്.

കൃഷി സ്ഥലം സംരംക്ഷിക്കാനാണ് ഭിത്തി നിര്‍മ്മിക്കുന്നത്. 1951 ലും പിന്നീട് എട്ട് വര്‍ഷം മുമ്പും ഉരുള്‍പൊട്ടലില്‍ തങ്ങളുടെ കൃഷിയിടത്തിലൂടെ പുഴകള്‍ കരകവിഞ്ഞൊഴുകി തോടുകളായ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഈ തോട് പുഴയായി ചിത്രീകരിച്ചു ചിലര്‍ തങ്ങളെ തേജോവധം ചെയ്യാന്‍ ശ്രമിക്കുകയാണ്. ഈ തോടുകളൂടെ ഇരുകരയിലുമുള്ള തെങ്ങുകള്‍ അടക്കമുള്ള ഫല വൃക്ഷങ്ങള്‍ ഒരേ പ്രായത്തിലുള്ളതും ഒരേ സ്ഥലത്തിന്റെ ഭാഗവുമാണ്. കുടുംബത്തിനു സാമ്പത്തിക ഭദ്രത കൈവന്ന സാഹചര്യത്തിലാണ് മതില്‍ നിര്‍മ്മാണം നടത്തുന്നത്.

കൃഷിയിടത്തിന്റെ സംരംക്ഷണത്തിനു ഇത് ഇപ്പോള്‍ അനിവാര്യമാണ്. പണി തുടങ്ങിയിട്ട് രണ്ടു മാസം പിന്നിട്ടു. ലക്ഷക്കണക്കിനു രൂപ ഇതിനു ചെലവു വന്നിട്ടുണ്ട്. ഇനി ഏതാനും ദിവസത്തെ വര്‍ക്ക് മാത്രമെ ശേഷിക്കുന്നുള്ളൂ. ഈ സമയത്തു പരാതി ഉന്നയിക്കുന്നതില്‍ ദുരൂഹതയുണ്ട്. കുടിയേറ്റ കര്‍ഷകരായ തങ്ങളെ ചില ലോബികള്‍ സ്ഥിരമായി ഉപദ്രവിക്കുകയാണ്. മുമ്പും ഇത് നടന്നിട്ടുണ്ട്. വിദേശത്തുള്ള തന്റെ സഹോദരന്‍ ബാബു ജോസഫിന്റെ പേരിലുള്ള സ്ഥലത്താണ് സംരംക്ഷണഭിത്തി നിര്‍മ്മാണം നടക്കുന്നത്. പരാതികളില്‍ ത്വരിത നടപടികള്‍ സ്വീകരിച്ചു നിജസ്ഥിതിക്കു തീര്‍പ്പു വരുത്തണമെന്നാണ് തങ്ങളുടെ കുടുംബം ആഗ്രഹിക്കുന്നതെന്നു ആലയ്ക്കല്‍ മാത്യു രാഷ്ട്രദീപികയോടു പറഞ്ഞു.

Related posts