പേരയ്ക്ക; നാരുകളുടെ കലവറ

FB-PAYRA

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിനു സഹായകമായ ഫലമാണു പേരയ്ക്ക. പേരയ്ക്കയിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റായ ലൈകോപീന്‍ കോശങ്ങളെ സംരക്ഷിക്കുന്നു; കാന്‍സറിനെ പ്രതിരോധിക്കുന്നു. ചര്‍മത്തിന്റെ ആരോഗ്യസംരക്ഷണത്തിന് ഉത്തമം. പേരയ്ക്കയില്‍ സമൃദ്ധമായി അടങ്ങിയിട്ടുളള നാരുകള്‍ മലബന്ധം കുറയ്ക്കുന്നു.

100 ഗ്രാം പേരയ്ക്കയില്‍ 5.4 ഗ്രാം നാരുകള്‍ അടങ്ങിയിരിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൂടാതെ അതില്‍ അടങ്ങിയിട്ടുളള പെക്റ്റിന്‍ ദഹനം മെച്ചപ്പെടുത്തുന്നു, വിശപ്പു കൂട്ടുന്നു. അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങിയ ദഹനക്രമക്കേടുകള്‍ക്കും പേരയ്ക്ക പ്രതിവിധിയായി ഉപയോഗിക്കാം.  പേരയ്ക്ക തൊലി കളയാതെ കഴിക്കുന്നതാണ് ഉത്തമം. പക്ഷേ, കഴുകി വൃത്തിയാക്കണം. പുറമേ നിന്നു വാങ്ങിയതാ ണെങ്കില്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും കലര്‍ത്തിയ വെളളത്തില്‍ ഒരു മണിക്കൂറെങ്കിലും മുക്കിവയ്ക്കണം. പിന്നീടു ശുദ്ധജലത്തില്‍ കഴുകി ഉപയോഗിക്കാം. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ഫോളിക് ആസിഡ്, കോപ്പര്‍, മാംഗനീസ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെ കലവറയാണു പേരയ്ക്ക.

വിറ്റാമിന്‍ സി യുടെ കലവറയാണ് പേരയ്ക്ക. ഓറഞ്ചില്‍ അടങ്ങിയിട്ടുളളതിന്റെ നാലിരട്ടി വിറ്റാമിന്‍ സി പേരയ്ക്കയിലുണെ്ടന്നു പഠനങ്ങള്‍ പറയുന്നു. വിറ്റാമിന്‍ സി ആന്റി ഓക്‌സിഡന്റായി പ്രവര്‍ത്തിക്കുന്നു. ഫ്രീ റാഡിക്കലുകളില്‍ നിന്നു കോശങ്ങളെ സംരക്ഷിക്കുന്നു. കാന്‍സര്‍സാധ്യത കുറയ്ക്കുന്നു. സ്കര്‍വി തടയുന്നതിനും വിറ്റാമിന്‍ സി സഹായകം. മുടികൊഴിച്ചില്‍ തടയുന്നതിനും വിറ്റാമിന്‍ സി ഗുണപ്രദം.
പേരയ്ക്കയില്‍ കൊളസ്‌ട്രോള്‍ ഇല്ല. കാര്‍ബോഹൈഡ്രേറ്റിന്റെ അളവു തീരെക്കുറവ്. ദിവസവും പേരയ്ക്ക കഴിക്കുന്നത് പൈല്‍സ് ഭേദപ്പെടുന്നതിനു സഹായകം.

പേരയ്ക്കയിലെ വിറ്റാമിന്‍ സി, പൊട്ടാസ്യം, കരോട്ടിനോയ്ഡുകള്‍ എന്നിവ ഗാസ്‌ട്രോഎന്‍ട്രൈറ്റിസ് സുഖപ്പെടുത്തുന്നതിനു ഫലപ്രദം. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഫലപ്രദം. അമിതഭാരം കുറയ്ക്കുന്നതിനു സഹായകമായ ഫലമാണു പേരയ്ക്ക.   പേരയ്ക്കയും പേരയിലയും പ്രമേഹം കുറയ്ക്കുന്നതിനു ഫലപ്രദം. ചുമയും പനിയും കുറയ്ക്കുന്നതിനു പേരയിലയുടെ ജ്യൂസ് ഫലപ്രദം. ശ്വാസനാളത്തെ അണുബാധയില്‍ നിന്നു സംരക്ഷിക്കുന്നു. തൊണ്ടയില്‍ ബാക്ടീരിയയുടെ ആക്രമണം തടയുന്നു. ദന്തക്ഷയവും വായിലുണ്ടാകുന്ന മുറിവുകളും സുഖപ്പെടുത്തുന്നതിനും പേരയില ജ്യൂസ് ഫലപ്രദം.

Related posts