കോട്ടയം: ഗതാഗത നിയമം തെറ്റിക്കുന്നവരും പോക്കറ്റടിക്കാരും പോലീസും ശ്രദ്ധിക്കുക. ജില്ലാ പോലീസ് ചീഫ് മഫ്തിയില്‍ നഗരത്തിലുണ്ട്. എപ്പോഴാണ് അദേഹം എത്തുകയെന്ന് ആര്‍ക്കുമറിയില്ല. ട്രാഫിക് പോയിന്റുകളില്‍ ഡ്യൂട്ടിക്കാളില്ലെങ്കില്‍ ഇനി പിടിവീഴും. ഇന്നലെ പകല്‍ ജില്ലാ പോലീസ് ചീഫ് എന്‍.രാമചന്ദ്രനും നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി മുഹമ്മദ് കബീര്‍ റാവുത്തറും മഫ്തിയില്‍ കോട്ടയം നഗരത്തിലുണ്ടായിരുന്നു. കോടിമത, നാഗമ്പടം, തിരുനക്കര ഭാഗങ്ങളില്‍ ഇരുവരും കറങ്ങി നടന്നു. പലര്‍ക്കും പോലീസ് ഉദ്യോഗസ്ഥരെ മനസിലായില്ല.
കെഎസ്ആര്‍ടിസി ഭാഗത്ത് പരസ്യ മദ്യപാനം നടത്തിയ ഏതാനും പേരെ ഇവര്‍ പൊക്കി. പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം ലഭിച്ചയുടന്‍ പിന്നാലെ വന്ന ഷാഡോ പോലീസ് പരസ്യ മദ്യപാനക്കാരെ പിടികൂടി. കൂട്ടംകൂടി നിന്ന് ബഹളമുണ്ടാക്കിയവരെ ഇവര്‍ ചേര്‍ന്ന് പിരിച്ചുവിട്ടു. പോലീസാണെന്നു മനസിലാകാതെ ചിലര്‍ തിരിച്ചു ചൂടായെങ്കിലും പിന്നാലെ എത്തിയ പോലീസിനെ കണ്ടതോടെ കൂട്ടംകൂടി നിന്നവര്‍ സ്ഥലം വിട്ടു.
ഏതാനും വര്‍ഷം മുന്‍പ് ഋഷിരാജ് സിംഗ് കോട്ടയം എസ്പിയായിരുന്ന സമയത്ത് ഇതുപോലെ മഫ്തിയില്‍ കറങ്ങി നടന്ന് നിയമ ലംഘനങ്ങള്‍ പിടികൂടിയിട്ടുണ്ട്. തട്ടുകടകളിലെ മദ്യപാനം നിര്‍ത്തിയത് അന്ന് ഋഷിരാജ് സിംഗ് ആണ്. കൈലിയുടുത്ത് ഒരു പൈന്റുമായി തട്ടുകടയിലെത്തിയ ഋഷിരാജ് സിംഗ് ഒരു ഗ്ലാസ് ആവശ്യപ്പെട്ടു. തട്ടുകടക്കാരന്‍ ഗ്ലാസ് നല്കിയതോടെ കുടുങ്ങി. പിന്നീട് ഓട്ടോയില്‍ യാത്ര ചെയ്തും ചില കേസുകള്‍ പിടൂകൂടിയിട്ടുണ്ട്.