പ്രതീക്ഷയുമായി പുതുമുഖങ്ങള്‍

sp-newfaceപ്രിയ ജിയാനി നിങ്ങളെ പ്രശംസിക്കാന്‍ എനിക്കു വാക്കുകളില്ല എന്നാണ് അല്‍ബേനിയയുടെ പ്രധാനമന്ത്രി എഡി റാമാ അല്‍ബേനിയ, 2016 യൂറോ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനു യോഗ്യത നേടിയപ്പോള്‍ ടീം പരിശീലകന്‍ ജിയാനി ഡി ബിയാസിയോടു പറഞ്ഞത്. അത്രയും ആനന്ദകരമായ മുഹൂര്‍ത്തം അല്‍ബേനിയയുടെ ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു.

ഒരു പ്രധാന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അല്‍ബേനിയ യോഗ്യത നേടുന്നതും ഇതാദ്യമായിട്ടായിരുന്നു. 1946 മുതല്‍ ഫുട്‌ബോള്‍ ടീം ഉണെ്ടങ്കിലും ഫിഫയുടെയോ യുവേഫയുടെയോ ടൂര്‍ണമെന്റുകളില്‍ അല്‍ബേനിയ കളിച്ചിട്ടില്ല. 1946ലെ ബാള്‍ക്കന്‍ കപ്പും 2000ല്‍ റോഥ്മാന്‍സ് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിലും ചാമ്പ്യനായിരുന്നു. എന്നാല്‍, ഈ ടൂര്‍ണമെന്റുകള്‍ക്കൊന്നും ഫിഫയുടെയോ യുവേഫയുടെയോ അംഗീകാരം ഉണ്ടായിരുന്നില്ല.

2014 ലോകകപ്പിന്റെ യോഗ്യത പോരാട്ടങ്ങളില്‍ പുറത്തെടുത്ത അല്‍പ്പം മെച്ചപ്പെട്ട പ്രകടനം നടത്തിയതുമാത്രമായിരുന്നു അല്‍ബേനിയയുടെ ഏക നേട്ടം. ലോകകപ്പ് യോഗ്യതയില്‍ പത്തു കളിയില്‍ മൂന്നു ജയം, രണ്ടു സമനില, അഞ്ചു തോല്‍വി എന്നിങ്ങനെയായിരുന്നു. എന്നാല്‍, യൂറോകപ്പിന്റെ യോഗ്യതയിലെത്തിയപ്പോള്‍ അല്‍ബേനിയ ഒന്നടങ്കം മാറി. ലോകകപ്പിന്റെ യോഗ്യതയില്‍ പുറത്തെടുത്ത മികവ് ജിയാനിയുടെ ടീം കുറച്ചുകൂടി മെച്ചപ്പെടുത്തി.

2011 മുതല്‍ ജിയാനി ഡി ബിയാസി അല്‍ബേനിയയുടെ പരിശീലകനാണ്. അദ്ദേഹത്തിന്റെ പരിശീലക മികവില്‍ ടീം ഓര്‍മയില്‍ തങ്ങുന്ന കുറെ വിജയങ്ങള്‍ നേടി. ഇതില്‍ ലോകകപ്പ് യോഗ്യത മത്സരത്തില്‍ സ്ലോവേനിയയെയും നോര്‍വെയെയും തോല്‍പ്പിച്ചത് ഉള്‍പ്പെടുന്നു. അതിനുശേഷം നടന്ന യൂറോ യോഗ്യത മത്സരങ്ങളില്‍ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചു. ഫിഫ റാങ്കിംഗില്‍ ആദ്യ പതിനഞ്ചിലുള്ള ടീമിനെതിരെ നേടുന്ന ആദ്യ ജയമായിരുന്നു അത്. പോര്‍ച്ചുഗലില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനു അല്‍ബേനിയ ജയിച്ചു. അന്ന് പോര്‍ച്ചുഗല്‍ ഫിഫ റാങ്കിംഗില്‍ പതിനൊന്നാം സ്ഥാനത്തായിരുന്നു. അതിനുശേഷം യൂറോ യോഗ്യതയില്‍തന്നെ സെര്‍ബിയയെ തോല്‍പ്പിച്ചു.

സെര്‍ബിയയില്‍ നടന്ന മത്സരത്തില്‍ സെര്‍ബിയന്‍ ആരാധകന്‍ അല്‍ബേനിയന്‍ കളിക്കാര്‍ക്കെതിരെ കുപ്പിയും മറ്റും എറിയുകയും ചെയ്തതോടെ മത്സരം 42ാം മിനിറ്റിലെത്തിയപ്പോള്‍ ഉപേക്ഷിച്ചു. മത്സരത്തില്‍ അല്‍ബേനിയ 3-0ന് വിജയിച്ചതായി കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട് വിധിച്ചു. ഈ ജയം അല്‍ബേനിയയ്ക്കു മുന്നോട്ടുള്ള പ്രയാണത്തില്‍ വളരെ സഹായകമായി. കഴിഞ്ഞ വര്‍ഷം ജൂണ്‍ പതിനഞ്ചിന് സൗഹൃദമത്സരത്തില്‍ ഫ്രാന്‍സിനെ സ്വന്തം നാട്ടില്‍വച്ച് ഏകപക്ഷീയമായ ഒരു ഗോളിനു അല്‍ബേനിയ കീഴടക്കി. ആദ്യ പതിനഞ്ചിലുള്ള ടീമുകള്‍ക്കെതിരെ നേടുന്ന രണ്ടാം ജയമായിരുന്നു. ഫിഫ റാങ്കിംഗില്‍ ഫ്രാന്‍സ് അപ്പോള്‍ ഒമ്പതാം സ്ഥാനത്തായിരുന്നു. ഈ ജയത്തിനു ശേഷം യൂറോ യോഗ്യത മത്സരത്തില്‍ അര്‍മേനിയയെ എതിരില്ലാത്ത മൂന്നു ഗോളിനു കീഴടക്കി ഫ്രാന്‍സിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു.

യൂറോ യോഗ്യതയില്‍ അല്‍ബേനിയ കളിച്ച ഗ്രൂപ്പ് ഐയില്‍ ഒന്നാം സ്ഥാനക്കാരായ പോര്‍ച്ചുഗലിനു പിന്നില്‍ രണ്ടാമതായാണ് അല്‍ബേനിയ പ്രധാന ടൂര്‍ണമെന്റിനുള്ള യോഗ്യത നേടിയത്. എട്ട് കളിയില്‍ നാലു ജയം രണ്ടു സമനില, രണ്ടു തോല്‍വി എന്നിങ്ങനെയായിരുന്നു അല്‍ബേനിയയുടെ പോരാട്ടങ്ങള്‍.

അല്‍ബേനിയന്‍ ടീമില്‍ പ്രത്യേകിച്ച് ഒരാളെ മാത്രം ചൂണ്ടിക്കാട്ടാന്‍ പറ്റില്ല. ടീമിലെ എല്ലാ കളിക്കാരും മികച്ചവര്‍ തന്നെയാണ്. പത്തൊമ്പതുകാരനായ വിംഗര്‍ മിലോട് റാഷിച്ച വളരെ പ്രതിഭയുള്ള താരമാണ്. റാഷിച്ചിനെ ഡി ബിയാസി ടീമില്‍ ഉള്‍പ്പെടുത്തുമോ എന്ന് കാണേണ്ടിയിരിക്കുന്നു. മികച്ചൊരു ഫോര്‍വേഡ് അല്‍ബേനിയയ്ക്കു കണെ്ടത്തേണ്ടതുണ്ട്. ടീമിന്റെ മധ്യനിരയും പ്രതിരോധനിരയും കരുത്തുറ്റതാണ്. വലിയ ലീഗുകളില്‍ കളിച്ച് പരിചയമുള്ള നായകന്‍ ലോറിക് കാനാ നയിക്കുന്ന മധ്യനിരയും മികവുറ്റതാണ്. പ്രതിരോധത്തില്‍ റൈറ്റ് ബാക്ക് ഇരുപത്തിരണ്ടുകാരനായ എല്‍സീദ് ഹൈയ്‌സാജ് സീരിഎ ക്ലബ്ബ് നാപ്പോളിയില്‍ തന്റെ പ്രതിഭ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

യൂറോകപ്പിന്റെ ഗ്രൂുപ്പ് എയില്‍ അല്‍ബേനിയയും സ്വിറ്റ്‌സര്‍ലന്‍ഡും നേര്‍ക്കുനേര്‍വരുമ്പോള്‍ ഒരു വൈകാരിക മുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കുക കൂടിയാകും. സ്വിറ്റ്‌സര്‍ലന്‍ഡ് ടീമിലെ അല്‍ബേനിയന്‍ വംശജര്‍ തങ്ങളുടെ പൂര്‍വികരുടെ നാടായ ടീമിനെതിരെ ഇറങ്ങുകയാണ്. ഇരുകൂട്ടരുടെയും ആദ്യമത്സരവുമാണ്. കൂടാതെ സ്വിറ്റ്‌സര്‍ലന്‍ഡിലേക്കു കുടിയേറിയ അല്‍ബേനിയന്‍ ദമ്പതികളുടെ മകനായ ഗ്രാനിറ്റ് സാക്കയും അല്‍ബേനിയതന്നെ തന്റെ ടീമെന്ന് ഉറപ്പിച്ച് നിന്ന സഹോദരന്‍ ടൗലന്റ് സാക്കയും നേര്‍ക്കുനേര്‍വരും. ട്രാനിറ്റ് മധ്യനിരതാരവും ടൗലന്റ് പ്രതിരോധതാരവുമാണ്.

ശ്രദ്ധിക്കേണ്ട കളിക്കാര്‍

ലോറിക് സാന- അല്‍ബേനിയന്‍ ടീമിന്റെ കേന്ദ്രമാണ് നായകന്‍ കൂടിയായ കാന. 90 മത്സരം പൂര്‍ത്തിയാക്കി അല്‍ബേനിയക്കു വേണ്ടി ഏറ്റവും കൂടുതല്‍ ബൂട്ടുകെട്ടിയതും ഈ മുപ്പത്തിരണ്ടുകാരനാണ്. മധ്യനിരയില്‍ കളിക്കുന്ന കാന ഡിഫന്‍സിവ് മധ്യനിരയിലാണ് പ്രധാനമായും.എല്‍സീദ് ഹൈയ്‌സാജ്- നാപ്പോളിയില്‍ പ്രതിഭ തെളിയിച്ചു തുടങ്ങി. ഉയരവും വേഗവും സാങ്കേതികത്തികവും ഈ റൈറ്റ് ബാക്കിനെ വ്യത്യസ്തനാക്കുന്നു. ഹൈയ്‌സാജിനെ സ്വന്തമാക്കാന്‍ യൂറോപ്പിലെ പല വമ്പന്‍ക്ലബ്ബുകളും രംഗത്തെത്തിയിട്ടുണ്ട്.

ടൗലന്റ് ജാക്ക- 2014ല്‍ അല്‍ബേനിയന്‍ ടീമിനുവേണ്ടി കളിച്ചു. അന്നു മുതല്‍ ടീമിന്റെ പ്രധാനതാരമാണ്. പ്രതിരോധത്തിലും മധ്യനിരയിലും നിറഞ്ഞുകളിക്കുകയും ചെയ്യാനുള്ള കഴിവ് സാക്കയ്ക്കുണ്ട്.ഗ്രൂപ്പ് എയില്‍ അല്‍ബേനിയയ്ക്കും സ്വിറ്റ്‌സര്‍ലന്‍ഡിനും ഒപ്പം ആതിഥേയരായ ഫ്രാന്‍സ്, റൊമേനിയ എന്നിവരുമുണ്ട്.

Related posts