പേരൂര്‍ക്കട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഷാഡോ ടീമിന്റെ പിടിയിലായി. കഠിനംകുളം മര്യനാട് പുതുവല്‍ ഷിജു ഹൗസില്‍ ഷിജോ (24) ആണ് പിടിയിലായത്. ഫെയ്സ്ബുക്ക്, വാട്ട്സ് ആപ്പ് എന്നീ സോഷ്യല്‍ മീഡിയകള്‍ വഴി പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് വശീകരിക്കുകയും പിന്നീട് അവരെ പീഡിപ്പിച്ചശേഷം കൈയൊഴിയുകയുമാണ് ഇയാളുടെ രീതിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
പേട്ട സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് ഷിജോ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞ നാലു മാസമായി പോണ്ടിച്ചേരിയില്‍ ഒളിവില്പ്പാര്ത്തിരുന്ന ഷിജോ ഒടുവില്‍ തമിഴ്നാട്ടിലെ ഗൂഡല്ലൂരിനു സമീപം മസിനഗുഡിയില്‍ മുതുമല നാഷണല്‍ പാര്‍ക്കിനുള്ളിലെ ഒരു ജംഗിള്‍ റിസോര്‍ട്ടില്‍ എത്തി. രഹസ്യവിവരം ലഭിച്ച പോലീസ് വനത്തിനുള്ളിലെ ഒളിത്താവളത്തില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഷിജോയുടെ സഹോദരങ്ങള്‍ മാലമോഷണക്കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തില്‍ ഷാഡോ ടീമിലെ പോലീസുകാരായ യശോധരന്, സാബു, സജിശ്രീകാന്ത്, വിനോദ്, പ്രദീപ്, വിനോദ്കുമാര്‍ എന്നിവരെക്കൂടാതെ കണ്ട്രോള് റൂം എ.സി പ്രമോദ്കുമാര്‍, പേട്ട സിഐ ബിനു ശ്രീധര്‍, എസ്ഐ ഗിരീഷ്കുമാര്‍ എന്നിവരും ചേര്‍ന്നാണ് പ്രതിയെ വലയിലാക്കിയത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.