ചാരുംമൂട്: പ്രീ ഫാബ് ടെക്‌നോളജിയില്‍ ജില്ലയില്‍ ആദ്യമായി നിര്‍മിച്ച വൈദ്യുതി ഓഫീസ് കെട്ടിടം ചാരുംമൂട്ടില്‍ പൂര്‍ത്തിയായി. 20 വര്‍ഷം മുമ്പു ചാരുംമൂട് ജംഗ്ഷനു തെക്കുഭാഗത്ത് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപം വാങ്ങിയിരുന്ന 33 സെന്റ് സ്ഥലത്താണ് പുതിയ ഓഫീസ് നിര്‍മിച്ചിരിക്കുന്നത്. നാഷണല്‍ ഗെയിംസ് വില്ലകളടെ മാതൃകയിലുള്ളതാണ് പുതിയ കെട്ടിടം.
കഴിഞ്ഞ പത്തുവര്‍ഷമായി ചാരുംമൂട്ടിലുള്ള കെഐപി ഓഫീസ് വളപ്പിലെ പ്രധാന കെട്ടിടത്തിലാണു വൈദ്യുതി ഓഫീസ് ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നത്. പരിമിതമായ സൗകര്യങ്ങളാണിവിടെയുള്ളത്. അതിനാല്‍ സ്വന്തം സ്ഥലത്ത് ഓഫീസ് കെട്ടിടം നിര്‍മിക്കുവാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതിനിടെയാണ് പ്രീ ഫാബ് ടെക്‌നോളജിയിലുള്ള കെട്ടിട നിര്‍മാണത്തിന് അനുമതി ലഭിച്ചത്.
ചാരുംമൂട് വൈദ്യുതി സെക്്ഷന്‍ ഓഫീസും ഡിവിഷന്‍ ഓഫീസും പുതിയ കെട്ടിടത്തിലേക്കു മാറ്റി പ്രവര്‍ത്തിക്കും. 2015-ല്‍ കേരളത്തില്‍ നടന്ന നാഷണല്‍ ഗെയിംസിന്റെ ആവശ്യത്തിലേക്കാണ് പ്രീ ഫാബ് ടെക്‌നോളജിയില്‍ നൂറു കണക്കിനു താത്കാലിക വില്ലകള്‍ തിരുവനന്തപുരത്ത് നിര്‍മിച്ചത്. ഉപയോഗത്തിനു ശേഷം മറ്റു സ്ഥലങ്ങളിലേക്കു വില്ലകള്‍ മാറ്റി സ്ഥാപിക്കുവാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ നിര്‍മാണ രീതി. ഗെയിംസ് കഴിഞ്ഞതോടെ ഉപയോഗമില്ലാതായ വില്ലകള്‍ സര്‍ക്കാര്‍ വിവിധ വകുപ്പുകളുടെ സ്ഥാപനങ്ങള്‍ക്കായി നല്‍കി.
ഇത്തരത്തില്‍ കെഎസ്ഇബിക്കു ലഭിച്ചതില്‍ മൂന്നു വില്ലകളുള്ള ഒരു യൂണിറ്റാണ് ചാരുംമൂട് വൈദ്യുതി ഓഫീസ് നിര്‍മാണത്തിനു ലഭിച്ചത്. 2000 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ എല്‍ ആകൃതിയിലായിരുന്നു നിര്‍മാണം. ബലമേറിയ ഷീറ്റുകളാണ് ഭിത്തികള്‍ക്ക് ഉപയോഗിച്ചിരിക്കുന്നത്. മേല്‍ക്കൂരയ്ക്കും ഷീറ്റുകള്‍ തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. തിരുവനന്തപുരം പ്രീ ഫാബ് സെല്ലിനായിരുന്നു നിര്‍മാണ ചുമതല. 17 ലക്ഷം രൂപയാണ് നിര്‍മാണ ചിലവ്. കൊല്ലം കടയ്ക്കലിലാണ് പ്രീ ഫാബ് ടെക്‌നോളജിയിന്‍ സംസ്ഥാനത്താദ്യമായി കെഎസ്ഇബി ഓഫീസ് മുമ്പ് നിര്‍മിച്ചത്.