പെരുമ്പാവൂര്‍: പ്ലസ്ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. രണ്ട് ദിവസം പിന്നിട്ടിട്ടും പോലീസ് വ്യക്തമായ വിവരം തരാന്‍ തയ്യാറല്ല. മുടക്കുഴആനക്കല്ല് സ്വദേശിനിയെയാണ് ഞായറാഴ്ച വൈകുന്നേരം അഞ്ച് അംഗ സംഘം വീട്ടില്‍ക്കയറി ആക്രമിച്ചത്. പരിക്കേറ്റ വിദ്യര്‍ഥിനി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മുത്തച്ഛനും സഹോദരിയും ഉണ്ടായിരുന്നു.
ഇവര്‍ സംഭവം അറിഞ്ഞിരുന്നില്ല. അയല്‍വാസികളാണ് പെണ്‍കുട്ടിയുടെ നിലവിളികേട്ട് സംഭവം പോലീസില്‍ അറിയിച്ചത്. വീട്ടുകാര്‍ അറിയാത്തതാണ് സംശയത്തിന് ഇടയാക്കിയിട്ടുള്ളത്. അയല്‍വാസിയായ യുവാവിനെ കേസില്‍ കുടുക്കാന്‍ ശ്രമിച്ചതാണോയെന്നും അന്വേക്ഷിക്കുന്നുണ്ട്. വിദ്യാര്‍ഥിനിയെ ശല്യം ചെയ്ത അയല്‍വാസിക്കെതിരെ നേരത്തെ കോടനാട് പോലീസില്‍ പരാതിയുണ്ട്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ സംഭവം ഒതുക്കി തീര്‍ക്കാനും അണിയറയില്‍ നീക്കം നടക്കുന്നുണ്ടെന്നും സൂചനയുണ്ട്. എന്നാല്‍ സംഭവത്തില്‍ ദുരുഹത നിലനില്‍ക്കുന്നതായി പോലീസ് പറയുന്നുണ്ട്.